ബി.ജെ.പി എം.എൽ.എ 10കിലോ ചാണകം തിന്നെന്ന് ബി.ജെ.പി മന്ത്രി; നൂറുകണക്കിന് ആളുകളിൽ നിന്ന് മന്ത്രി പണം തട്ടിയെന്ന് എം.എൽ.എ -VIDEO

ചണ്ഡീഗഡ്: ഹരിയാന നിയമസഭയിൽ പരസ്പരം ചാണക, അഴിമതി വാക്പോരുമായി ബി.ജെ.പി നേതാക്കൾ. ബിജെപി എം.എൽ.എ രാംകുമാർ ഗൗതം പന്തയം വെച്ചതിന് ശേഷം 10 കിലോ ചാണകം കഴിച്ചുവെന്നായിരുന്നു ബി.ജെ.പി നേതാവായ സഹകരണ മന്ത്രി അരവിന്ദ് ശർമ്മയുടെ ആരോപണം. ‘നിങ്ങൾക്ക് 250 ഗ്രാം ചാണകം പോലും കഴിക്കാൻ കഴിയില്ല’ എന്നായിരുന്നു മറുപടിയായി രാംകുമാർ ഗൗതം ഇതിന് മറുപടി നൽകിയത്. കൂടാതെ, പെട്രോൾ പമ്പുകൾ നൽകാമെന്ന പേരിൽ മന്ത്രി അരവിന്ദ് ശർമ്മ നൂറുകണക്കിന് ആളുകളെ വഞ്ചിച്ചുവെന്നും ആളുകളിൽ നിന്ന് പണം തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചു.

ചൊവ്വാഴ്ച നിയമസഭ സമ്മേളനത്തിൽ ഗവർണറുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചക്കിടെയാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ നിയമസഭാംഗങ്ങൾ പരസ്‍പരം പോരടിച്ചത്. ബ്രാഹ്മണ നേതാക്കളായ ഇരുവരും 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാട്ട് ആധിപത്യമുള്ള ഗൊഹാന, സഫിദോൺ നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് പാർട്ടി ടിക്കറ്റിൽ വിജയിച്ചത്. തന്റെ മണ്ഡലമായ ഗൊഹാനയിലെ ജിലേബിയെ സ്ഥലം എം.എൽ.എ കൂടിയായ അരവിന്ദ് ശർമ്മ പ്രശംസിക്കുകയും തിങ്കളാഴ്ച ജിലേബി പാർട്ടി നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഗൊഹാനയിലെ ജിലേബി അത്രപോരെന്ന് സഫിദാണിലെ ബി.ജെ.പി എംഎൽഎയായ ഗൗതം പറഞ്ഞു. ഇപ്പോള്‍ നെയ്യിലല്ല, ഡാല്‍ഡയിലാണ് ഉണ്ടാക്കുന്നതെന്നും ഗുണനിലവാരം പോരെന്നും അദ്ദേഹം പറഞ്ഞു.

രാംകുമാറിന് ഗുരുതരമായ രോഗമാണെന്നും ഒരു ഡോക്ടര്‍ക്ക് മാത്രമേ അദ്ദേഹത്തിന്റെ രോഗം ഭേദമാക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു. ജിലേബിയുടെ കാര്യം മറന്നേക്കൂ, ഒരു പന്തയം വെച്ചതിന് ശേഷം അയാൾ 10 കിലോ ചാണകം വരെ കഴിച്ചിട്ടുണ്ട് എന്നും പരിഹസിച്ചു. ‘ഞാൻ പത്ത് കിലോ ചാണകം കഴിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ആയിരം കിലോ കഴിക്കുന്നുണ്ടാകും’ എന്ന് ഗൗതം തിരിച്ചടിച്ചു. തുടർന്നാണ് പെട്രോൾ പമ്പുകൾ നൽകാമെന്ന പേരിൽ മന്ത്രി അരവിന്ദ് ശർമ്മ നൂറുകണക്കിന് ആളുകളെ വഞ്ചിച്ചുവെന്നും ആളുകളിൽ നിന്ന് പണം തട്ടിയെടുത്തെന്നും ആരോപണമുന്നയിച്ചത്.

Tags:    
News Summary - BJP Minister Arvind Sharma alleges BJP MLA Ramkumar Gautam ate 10 kg Cowdung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.