ബംഗാളിൽ ജനങ്ങളുടെ വിധി ബി.ജെ.പി കൊള്ളയടിച്ചു, ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലമാക്കി -അഭിഷേക് ബാനർജി

ന്യൂഡൽഹി: പശ്ചിമബംഗാളിൽ കേന്ദ്രസേനയുടെ സഹായത്തോടെ വോട്ടെണ്ണൽ പ്രക്രിയയിൽ കൃത്രിമം കാണിച്ച് ജനങ്ങളുടെ വിധി ബി.ജെ.പി കൊള്ളയടിച്ചുവെന്ന് തൃണമൂൽ കോൺഗ്രസ് എം.പിയും ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി. തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അഭിഷേക് ബാനർജി നടത്തിയ ആദ്യ ​പൊതു പ്രസ്താവനയിലായിരുന്നു ബി.ജെ.പിക്കെതിരായ ആരോപണം.

വോട്ടെണ്ണൽ ദിവസം നൂറിലധികം സീറ്റുകളിലെ ഫലങ്ങളെ ബി.ജെ.പി അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ‘ജനങ്ങളുടെ വിധി എന്തുതന്നെയായാലും അത് അംഗീകരിക്കും. പക്ഷേ, കേന്ദ്രസേനയെ ഉപയോഗിച്ച് അവർ നൂറിലധികം സീറ്റുകളിലെ ഫലങ്ങൾ കൊള്ളയടിച്ചു’ -പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

നിരവധി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് കൗണ്ടിങ് ഏജന്റുമാരെയും ടി.എം.സി സ്ഥാനാർഥികളെയും ബലമായി നീക്കം ചെയ്തു. കേന്ദ്ര സർക്കാർ ജീവനക്കാരാണ് വോട്ടെണ്ണൽ പ്രക്രിയ നിയന്ത്രിച്ചത്. സംസ്ഥാനത്ത് അധികാരം ഉറപ്പാക്കാൻ ബി.ജെ.പി ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളിൽ കേന്ദ്രസേന നിശബ്ദ കാഴ്ചക്കാരായി നിന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിരവധി പ്രദേശങ്ങളിൽ പാർട്ടി ഓഫീസുകൾക്കും പ്രവർത്തകരുടെയും അനുയായികളുടെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പ്രവർത്തകരോട് ഐക്യത്തോടെ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുപ്രീം കോടതിയിലും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിലും പൂർണ്ണ വിശ്വാസമുണ്ട്. കൃത്രിമത്വത്തിനും അധികാര ദുർവിനിയോഗത്തിനും എതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമത്തിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം, സമീപകാല സംഭവങ്ങൾ ബംഗാളിന്റെ സാമൂഹിക- രാഷ്ട്രീയ ഘടനയെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് തൃണമൂൽ കോൺഗ്രസ് നേരിട്ടത്. 293 സീറ്റുകളിൽ 80 സീറ്റുകളാണ് ടി.എം.സി നേടിയത്. ഇതോടെ 15 വർഷം നീണ്ടുനിന്ന മമതാ ബാനർജിയുടെ ഭരണം അവസാനിപ്പിച്ച് ബംഗാളിൽ ബി.ജെ.പി അധികാ​രം നേടുകയായിരുന്നു.

Tags:    
News Summary - BJP looted peoples mandate in Bengal TMC MP Abhishek Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.