ശാഹീൻബാഗ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ശാഹീൻബാഗിൽ സമരത്തെ പോലെ തന്നെ ജനശ്രദ് ധ നേടുന്ന ഒരു ഭക്ഷണശാലയുണ്ട്. അഭിഭാഷകനായ ഡി.എസ് ബിന്ദ്ര നടത്തുന്ന ‘ലങ്കർ’. സിഖ് സമുദായക്കാർ മതപരമായ ബാധ്യതയ െന്ന നിലയിൽ നടത്തുന്ന സൗജന്യ സമൂഹഭക്ഷണശാലയായ ‘ലങ്കർ’ ദിവസങ്ങളോളമായി ശാഹീൻബാഗിലെ പ്രതിഷേധ സ്ഥലത്ത് സേവനനിര തമാണ്. പ്രതിഷേധ സമരം നീണ്ടതോടെ ഭക്ഷണശാലയുടെ പ്രവർത്തനം മുടക്കമില്ലാതെ തുടരുന്നതിനായി തൻെറ ഒരു ഫ്ലാറ്റ് വ ിറ്റ് പണം സ്വരൂപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബിന്ദ്ര.
കർക്കാർഡൂമ കോടതിയിലെ അഭിഭാഷകനായ ഡി.എസ് ബിന്ദ്ര യാണ് ഇതിനു പിന്നിൽ. ശാഹീൻബാഗിലെ പ്രതിഷേധ സമരക്കാർക്ക് തന്നാലാവുംവിധം സഹായം നൽകുകയാണ് ബിന്ദ്ര.“ഇവിടെ വന്ന ് ലങ്കർ ആരംഭിക്കാൻ വഹേഗുരു(സർവേശ്വരൻ) എന്നോട് ആവശ്യപ്പെട്ടു” എന്നാണ് ഇതേകുറിച്ച് ബിന്ദ്രയുടെ വിശദീകരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻബാഗിൽ നടക്കുന്ന പ്രതിഷേധ സമരം ഏറെനാൾ തുടരുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. അതിനാൽതന്നെ ‘ലങ്കർ’ ദിവസേന സംഘടിപ്പിക്കാനുള്ള ഫണ്ടിൻെറ കുറവാണ് അദ്ദേഹം നേരിടുന്ന വെല്ലുവിളി. അതേസമയം, ലങ്കർ പാതിവഴിയിൽ നിർത്തി മടങ്ങാനും ബിന്ദ്ര ഒരുക്കമല്ല. അതിനാലാണ് ബിന്ദ്ര തൻെറ ഫ്ലാറ്റ് വിൽക്കുന്നത്.
പ്രതിഷേധ സ്ഥലത്തു നിന്ന് നൂറ് മീറ്റർ അകലെ, 13എ റോഡിലെ നടപ്പാലത്തിന് താഴെയാണ് ബിന്ദ്ര ഒരുക്കിയ ഭക്ഷണശാല. പൂർണ പിന്തുണയും സഹായവുമായി അദ്ദേഹത്തിൻെറ ഭാര്യയും മകനും ഒപ്പമുണ്ട്. തൻെറ ഉടമസ്ഥതയിൽ ഒരു വീടും രണ്ട് ഫ്ലാറ്റുകളും കൂടിയുണ്ടെന്നും ശാഹീൻബാഗിൽ പ്രക്ഷോഭം തുടരുന്നിടത്തോളം കാലം ‘ലങ്കർ’ സേവനം തുടരുമെന്നും ബിന്ദ്ര പറയുന്നു.
ശാഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രതിഷേധത്തിന് രാജ്യത്തിൻെറ വിവിധ ഭാഗത്തു നിന്ന് വലിയ പിന്തുണ ലഭിക്കുകയും വിവിധ സമുദായാംഗങ്ങൾ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എത്തുകയും ചെയ്യുന്നതിനാൽ ബിന്ദ്രയുടെ ലങ്കറിൽ ഭക്ഷണത്തിനായുള്ള നീണ്ട വരിയാണ് രൂപപ്പെടുന്നത്. സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ദിവസേന ഈ ഭക്ഷണശാലയിലെത്തി വിശപ്പകറ്റുന്നത്. അടുത്തിടെ പഞ്ചാബിൽ നിന്നുള്ള ഒരു കൂട്ടം സിഖ് കർഷകരും പ്രതിഷേധസമരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതായി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ബിന്ദ്ര വിശ്വസിക്കുന്നു. മറ്റ് സമുദായാംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുസ്‌ലിംകൾ കൂടുതലായി അപമാനിക്കപ്പെടുകയും തരംതാഴ്ത്തപ്പെടുകയും ചെയ്യുന്നുവെന്നും സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ബിന്ദ്ര പറഞ്ഞു. ശാഹീൻബാഗ് സമരത്തെ ബി.ജെ.പി നേതാക്കൾ വർഗീയമായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ സമരത്തിലെ സിഖ്-ഹിന്ദു-മുസ്ലിം സാമുദായിക ഐക്യത്തെയാണ് ബിന്ദ്ര ഉയർത്തി കാണിക്കുന്നത്. എല്ലാവരും സഹോദരൻമാരാണ് എന്ന മുദ്രാവാക്യം പ്രാവർത്തികമാവണമെന്നും മുദ്രാവാക്യം വിളിക്കുന്നതുപോലെ എളുപ്പമല്ല പ്രയോഗത്തിൽ വരുത്താനെന്നും അദ്ദേഹം പറഞ്ഞു.
ബിന്ദ്ര ശാഹീൻ ബാഗിലൊരുക്കിയ ‘ലങ്കർ’ സേവനത്തെ പലരും പ്രശംസിച്ചിട്ടുണ്ടെങ്കിലും പൊലീസും പ്രാദേശിക ഭരണകൂടവും അതിൽ സന്തുഷ്ടരല്ല. അവർ ലങ്കറിനെ തകർക്കാൻ ശ്രമിച്ചു. ഒരു ദിവസം പൊലീസെത്തി ഭക്ഷണ വിതരണം തടസപ്പെടുത്തുകയും പാത്രങ്ങളെല്ലാം എടുത്തുകളയുകയും ചെയ്തുവെന്ന് ബിന്ദ്ര പറഞ്ഞു. എന്നാൽ, ചെറിയ രീതിയിലാണെങ്കിലും ലങ്കർ തുടരുമെന്ന് തന്നെയാണ് ബിന്ദ്ര പറയുന്നത്.
ബിന്ദ്രയുടെ ഈ ഭക്ഷണ ഐക്യദാർഢ്യം പണ്ട് വൈക്കം സത്യഗ്രഹ കാലത്ത് സമരക്കാർക്ക് ഭക്ഷണവുമായി അമൃത്സറിൽ നിന്നെത്തിയ ലാൽസിങ്ങിനെയാണ് ഓർമ്മിപ്പിക്കുന്നത്. അന്ന് മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നു ലാൽസിങ് വൈക്കം സത്യഗ്രഹികൾക്ക് ഭക്ഷണം എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.