ആഭ്യന്തര മന്ത്രി സാമ്രാട് ചൗധരി. മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രിക്കൊപ്പം

ബിഹാറിൽ ആഭ്യന്തരം പിടിച്ച് ബി.ജെ.പി; 14 മന്ത്രി സ്ഥാനങ്ങളും സ്വന്തം; മുഖ്യമന്ത്രി പദവിയിലൊതുങ്ങി നിതീഷ്

പട്ന: വർഷങ്ങളായി മുഖ്യമന്ത്രി നിതീഷ് കുമാർ കൈയടക്കിവെച്ച ആഭ്യന്തരം ഏറ്റെടുത്ത് ബി.ജെ.പി. ബിഹാറിലെ പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്തതിനു പിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കിയപ്പോഴാണ് പ്രധാന വകുപ്പുകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി പിടിമുറുക്കിയത്.

ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. മറ്റൊരു പ്രധാന വകുപ്പായ ലാൻഡ് ആന്റ് റെവന്യൂ, ഖനി- ഭൂഗർഭ ശാസ്ത്ര വകുപ്പ് എന്നിവ ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാർ സിൻഹക്ക് നൽകി. നിയമ, ആരോഗ്യ മന്ത്രിയായ മംഗൾ പാണ്ഡെയും, വ്യവസായ വകുപ്പ് ദിലീപ് ജയ്സ്വാളും, റോഡ്, നഗര വികസനം, ഹൗസിങ് വകുപ്പ് നിതിൻ നവീനും ചുമതല വഹിക്കും.

89 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബി.ജെ.പി ഏറ്റവും കൂടുതൽ മന്ത്രി സ്ഥാനങ്ങളും സ്വന്തമാക്കി. 14 മന്ത്രി സ്ഥാനങ്ങൾ ബി.ജെ.പി സ്വന്താമക്കി. മുഖ്യമന്ത്രി പദത്തിന് പുറമെ, എട്ട് മന്ത്രിമാണാണ് ജെ.ഡിയുവിനുള്ളത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാംവിലാസ്) രണ്ടും, എച്ച്.എ.എം, ആർ.എൽ.എം എന്നിവർക്ക് ഓരോ മന്ത്രി പദവിയും നൽകി.

തെരഞ്ഞെടുപ്പിൽ 202 സീറ്റുമായി ബി.ജെ.പി, ജെ.ഡി.യു നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം വൻ വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രി പദം നിതീഷ് കുമാറിന് വിട്ടു നൽകി പ്രധാന മന്ത്രി പദവികൾ പിടിച്ചെടുക്കാനായിരുന്നു ബി.ജെ.പി തീരുമാനം.

ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാൻ ജെ.ഡി.യു വിമുഖത കാണിച്ചതിനെ തുടർന്ന് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സ്തംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ ആഭ്യന്തര ഇതാദ്യമായാണ് ആഭ്യന്തരവകുപ്പ് ഘടകക്ഷിക്ക് വിട്ടുകൊടുക്കാൻ ജെ.ഡി.യു സന്നദ്ധമാകുന്നത്. നേരത്തെ നിർണായകമായ നിയമസഭാ സ്പീക്കർ സ്ഥാനവും ബി.ജെ.പി ഏറ്റെടുത്തിരുന്നു.

2005ന് ശേഷം ആദ്യമായാണ് ആഭ്യന്തരം നിതീഷ് കുമാറിന്റെ നിയന്ത്രണത്തിൽ നിന്നും പുറത്തു പോവുന്നത്.

Tags:    
News Summary - Bihar cabinet: CM Nitish hands over home portfolio to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.