ഭോപാല്‍ കൂട്ടക്കൊല: വെടികൊണ്ടത് തലക്കും നെഞ്ചിനും

ഭോപാല്‍: സെന്‍ട്രല്‍ ജയിലിലെ എട്ടു വിചാരണത്തടവുകാരെ  കൊല്ലാന്‍  പൊലീസ്  വെടിവെച്ചത് തലയിലും നെഞ്ചത്തുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അരക്കെട്ടിനു താഴെ മാത്രമേ അത്യാവശ്യഘട്ടങ്ങളില്‍ പൊലീസ് വെടിവെക്കാവൂ എന്ന സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചാണ് നിരോധിത സിമി പ്രവര്‍ത്തകരായ വിചാരണത്തടവുകാര്‍ക്കുനേരെ നിറയൊഴിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ പര്‍വേസ് ആലം പറഞ്ഞു.

മുന്നില്‍നിന്ന് തലക്കും നെഞ്ചിനും വെടിയുതിര്‍ക്കുകയായിരുന്നെന്നും വ്യാജ ഏറ്റുമുട്ടലാണിതെന്നും പര്‍വേസ് ആലം ആവര്‍ത്തിച്ചു. വെടിയുണ്ട ശരീരത്തില്‍ തുളച്ചുകയറിയശേഷം പുറത്തേക്കു പോയതിന്‍െറ മുറിവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഒന്നിലേറെ തവണയാണ് വെടിയേറ്റത്. മരിച്ചവരുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചേക്കും.

ജയിലില്‍ ബാക്കിയുള്ള 20 സിമി പ്രവര്‍ത്തകര്‍ക്ക്  വൈദ്യപരിശോധന നടത്തണമെന്ന് ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പര്‍വേസ് ആലം പറഞ്ഞു. ഇവരെ ക്രൂരമായി മര്‍ദിച്ചതായി അദ്ദേഹം ആരോപിച്ചു. സ്വയം സുരക്ഷക്കായി ഡി.ജി.പിയെ സമീപിക്കുമെന്നും പര്‍വേസ് അറിയിച്ചു. മരിച്ചവരുടെ  അഭിഭാഷകനെന്നനിലയില്‍ ഏറ്റുമുട്ടലിനെതിരെ പരസ്യമായി പ്രതികരിച്ച തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, കൊല്ലപ്പെട്ട ഏഴുപേരുടെ ഖബറടക്കം മധ്യപ്രദേശില്‍ നടന്നു.

Tags:    
News Summary - bhopal massacre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.