പിണറായി ഭോപാലില്‍ നിന്ന് മടങ്ങിയത് ഹിന്ദി മനസ്സിലാകാത്തതുകൊണ്ടെന്ന് പൊലീസ്

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലില്‍ നിന്ന് മടക്കി അയച്ചത് ദേശീയതലത്തില്‍ വിവാദമായതോടെ മുഖം രക്ഷിക്കാന്‍ മധ്യപ്രദേശ് പൊലീസ് പുതിയ വ്യാഖ്യാനവുമായി രംഗത്ത്. കേരള മുഖ്യമന്ത്രിയെ തിരിച്ചയച്ചിട്ടില്ളെന്നും ഹിന്ദിയില്‍ നടത്തിയ ആശയവിനിമയം അദ്ദേഹത്തിന് മനസ്സിലാകാതെ സ്വയം മടങ്ങിയതാണെന്ന് വരുത്താനുമാണ് പൊലീസ് ശ്രമം. സംഭവത്തെ കുറിച്ച് മധ്യപ്രദേശ് ഡി.ജി.പി വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതിന് പിറകെയാണ് വിവാദത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പുതിയ നീക്കം.

ഭോപാലില്‍ മലയാളികളുടെ പരിപാടി റദ്ദാക്കി കേരള മുഖ്യമന്ത്രിക്ക് മടങ്ങേണ്ടിവന്ന സാഹചര്യം അന്വേഷിക്കാന്‍ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി ആര്‍.കെ. ശുക്ള നിര്‍ദേശം നല്‍കിയിരുന്നു. പ്രതിഷേധവുമായി ആളുകള്‍ രംഗത്തുവന്നതിനാല്‍ സുരക്ഷപ്രശ്നമുണ്ടെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്നും ഭോപാല്‍ പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് പിണറായി വിജയന്‍ മടങ്ങിയത്.

എന്നാല്‍, പരിപാടിസ്ഥലത്തേക്ക് പോകുന്നത് അല്‍പം വൈകിപ്പിക്കാനാണ് മുഖ്യമന്ത്രിയോട് പറഞ്ഞതെന്നും അദ്ദേഹം അത് തെറ്റായി മനസ്സിലാക്കി മടങ്ങിയെന്നുമാണ് ഭോപാല്‍ പൊലീസ് മേലുദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. പ്രതിഷേധത്തെ കുറിച്ചും താമസിച്ചുപുറപ്പെട്ടാല്‍ മതിയെന്ന അപേക്ഷയെക്കുറിച്ചും ഹിന്ദിയിലാണ് പിണറായിയുമായി ആശയവിനിമയം നടത്തിയതെന്നും അതുകൊണ്ടാണ് ആശയക്കുഴപ്പമുണ്ടായതെന്നുമാണ് വിശദീകരണം.  
പ്രതിഷേധക്കാരെ പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് നീക്കം ചെയ്യാനുള്ള സാവകാശമാണ് കേരള മുഖ്യമന്ത്രിയോട് ചോദിച്ചതെന്നും അത്രയും സമയത്തേക്ക് യാത്ര താമസിപ്പിക്കാനാണ് ആവശ്യപ്പെട്ടതെന്നും ഡി.ജി.പി ആര്‍.കെ. ശുക്ശ പറഞ്ഞു. വിഷയം അന്വേഷിക്കാന്‍ താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസുകാരുടെ കൊലപാതകങ്ങള്‍ക്ക് ഇന്ത്യ മാപ്പ് തരില്ല എന്നെഴുതിയ പ്ളക്കാര്‍ഡുകളുമായി വന്ന പ്രതിഷേധക്കാരാണ് മുഖ്യമന്ത്രി മടങ്ങിപ്പോകണം എന്ന് മുദ്രാവാക്യം വിളിച്ചതെന്നാണ് ഭോപാലിലെ ഉന്നത പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞത്.

 

Tags:    
News Summary - bhopal event: pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.