പൊലീസ് കസ്റ്റഡിയിലെടുത്ത ബസ്

ബെട്ടിയ കൂട്ട ബലാത്സംഗം: ഒരാൾ കൂടി പിടിയിൽ

പട്ന: ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബെട്ടിയയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബസിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് പൊലീസ് കെസെടുത്തിരുന്നത്. ബസിന്‍റെ ഡ്രൈവറും സഹായിയും ഉൾപ്പെടെ രണ്ട് പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമനെ വെള്ളിയാഴ്ചയാണ് പിടികൂടിയത്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും ബെട്ടിയ പൊലീസ് സൂപ്രണ്ട് ഉപേന്ദ്രനാഥ് വർമ്മ പറഞ്ഞു. ബസ് വെസ്റ്റ് ചമ്പാരൻ പൊലീസ് കസ്റ്റഡിയിലെടുത്തു.  

2012ലെ ഡൽഹി നിർഭയ കേസിന് സമാനമായ സംഭവമാണ് ബെട്ടിയയിൽ ബുധനാഴ്ച നടന്നത്. ബസ് ഡ്രൈവറും കൂട്ടാളികളും ചേർന്ന് മയക്കുമരുന്ന് അടങ്ങിയ ശീതളപാനീയം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ പിന്നീട് ബസിനുള്ളിൽ നിന്ന് പൊലീസാണ് കണ്ടെത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഡൽഹിയിൽ 2012 ഡിസംബർ 16നാണ് ഫിസിയോതെറാപ്പി വിദ്യാർഥിനി ബസിൽ കൂട്ടബലാത്സംഗത്തിനും ക്രൂരമായ അക്രമത്തിനും ഇരയായത്. ചികിത്സയിലിരിക്കെ ഡിസംബർ 29ന് പെൺകുട്ടി മരിച്ചു. രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങളാണ് സംഭവത്തെ തുടർന്ന് ഉണ്ടായത്. മുഖ്യപ്രതി രാംസിങ് വിചാരണക്കിടെ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതി പെൺകുട്ടി അക്രമിക്കപ്പെടുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ല. ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ച ഇയാളെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചു. മറ്റ് നാല് പ്രതികളായ വിനയ്, അക്ഷയ്, പവൻ, മുകേഷ് എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു. 2020 മാർച്ച് 20ന് നാല് പേരെയും തൂക്കിലേറ്റി.

Tags:    
News Summary - Betty gang-rape: Another arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.