കൊൽക്കത്ത: തൃണമൂൽ എം.എൽ.എയുടെ വിമർശനത്തിന് പിന്നാലെ പശ്ചിമ ബംഗാൾ രാജ്ഭവനിൽ നാടകീയ രംഗങ്ങൾ. രാജ്ഭവനിലും പരിസരത്തും ബോംബ് സ്ക്വാഡിനെയും മറ്റും ഉപയോഗിച്ച് ആയുധങ്ങൾക്കായുള്ള തിരച്ചിൽ നടത്തിയാണ് ഗവർണർ സി.വി. ആനന്ദ ബോസ് രാഷ്ട്രീയ വിമർശനത്തിന് മറുപടി നൽകിയത്.
സംഭവം ഇങ്ങനെ: ശനിയാഴ്ച എസ്.ഐ.ആറിനെ പിന്തുണച്ച് ഗവർണർ സംസാരിച്ചിരുന്നു. എസ്.ഐ.ആറിന്റെ പശ്ചാത്തലത്തിൽ ബിഹാറിലെ ജനവിധി പശ്ചിമ ബംഗാളിലും ആവർത്തിക്കുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ അനുകൂലിച്ചായിരുന്നു ആനന്ദബോസിന്റെ പ്രസ്താവന. ഇതിനോട് തൃണമൂൽ എം.പി കല്യാൺ ബാനർജി ഏറെ വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചത്. രാജ്ഭവൻ കേന്ദ്രീകരിച്ച് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കളികളെക്കുറിച്ച് പറഞ്ഞശേഷം, ആനന്ദബോസ് രാജ്ഭവനിൽ ബി.ജെ.പി ക്രിമിനലുകൾക്ക് അഭയം നൽകുന്നുവെന്നും ബോംബും തോക്കും നൽകി അവരെ ആയുധവത്കരിക്കുന്നുവെന്നും ബാനർജി പറഞ്ഞു.
ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് തിങ്കളാഴ്ച രാജ്ഭവനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കല്യാൺ ബാനർജി ഉണ്ടെന്നാരോപിച്ച ആയുധങ്ങൾ കണ്ടെടുക്കാനായി തന്റെ നേതൃത്വത്തിൽ രാജ്ഭവനിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തുമെന്ന് ആനന്ദ ബോസ് പ്രഖ്യാപിച്ചു. തുടർന്ന് പൊലീസ്, കേന്ദ്ര സേന, ബോംബ് സ്ക്വാഡ് എന്നിവരുടെ സാന്നിധ്യത്തിൽ വൻ തിരച്ചിൽ ആരംഭിച്ചു.
രാജ്ഭവൻ പരിസരത്തുള്ളവരെ ‘ബോംബ് ഭീഷണി’ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കുകയും ചെയ്തു. അതിനുശേഷം, രാജ്ഭവൻ പൊലീസ് ഔട്ട്പോസ്റ്റിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ‘തിരച്ചിലി’ന് സാക്ഷിയാകാൻ മാധ്യമപ്രവർത്തകരെ ഗവർണർ പ്രത്യേകം ക്ഷണിച്ചിരുന്നു. സംഭവങ്ങളുടെ തത്സമയ സംപ്രേഷണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.