ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ മാറ്റി. അധിർ രഞ്ജൻ ചൗധരിക്കു പകരം സോമേന്ദ്രനാഥ് മിത്രയെ പി.സി.സി പ്രസിഡൻറായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷി തൃണമൂൽ കോൺഗ്രസോ, സി.പി.എമ്മോ എന്ന ക്രമപ്രശ്നം കോൺഗ്രസിനെ അലട്ടുന്നതിനിടയിലാണ് ഇത്തരമൊരു മാറ്റം. കേരളത്തിലെന്നപോലെ പശ്ചിമ ബംഗാളിലും മൂന്ന് വർക്കിങ് പ്രസിഡൻറുമാരെ നിയമിച്ചിട്ടുണ്ട്. അധിർ രഞ്ജനെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കി. പ്രദീപ് ഭട്ടാചാര്യയെ ഏകോപനസമിതി അധ്യക്ഷനായും നിയോഗിച്ചു.
കോൺഗ്രസിനെ രക്ഷിക്കാൻ അധിർ രഞ്ജനെ മാറ്റണമെന്ന മുറവിളി ശക്തമായിരുന്നു. ലാവണം പലവട്ടം മാറി കോൺഗ്രസിൽ തിരിച്ചെത്തിയ നേതാവാണ് സോമൻ മിത്രയെന്ന സോമേന്ദ്രനാഥ് മിത്ര. 2008ൽ കോൺഗ്രസ് വിട്ട് പ്രഗതിശീൽ ഇന്ദിര കോൺഗ്രസ് എന്ന പേരിൽ സ്വന്തം പാർട്ടി ഉണ്ടാക്കിയിരുന്നു. 2009ൽ ആ പാർട്ടിയെ തൃണമൂൽ കോൺഗ്രസിൽ ലയിപ്പിക്കുകയും ചെയ്തു. അങ്ങനെ എം.പിയായി. എന്നാൽ, 2014ൽ കോൺഗ്രസിൽ തിരിച്ചെത്തി.
പശ്ചിമ ബംഗാളിൽ കോൺഗ്രസ്-സി.പി.എം ബന്ധത്തിനുവേണ്ടി നിരന്തരം വാദിക്കുന്നയാളാണ് അധിർ രഞ്ജൻ ചൗധരി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഖ്യം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കവഹിക്കുകയും ചെയ്തു.
നാലരവർഷം പി.സി.സി പ്രസിഡൻറായിരുന്ന അധിർ രഞ്ജൻ ചൗധരി മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശകനാണ്. തൃണമൂൽ കോൺഗ്രസിനോട് കോൺഗ്രസ് കൂടുതൽ അടുക്കുന്നതിെൻറ സൂചനയായി പുതിയ മാറ്റത്തെ കാണുന്നവർ ഏറെ. എന്നാൽ, തികച്ചും സംഘടനാപരമായ നടപടിയാണെന്ന് കോൺഗ്രസ് വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.