ബംഗ്ലാദേശികളെ ബലംപ്രയോഗിച്ച് അതിർത്തി കടത്തുന്നു; വിവാദ വെളിപ്പെടുത്തലുമായി ഹിമന്ത ബിശ്വ ശർമ്മ, പ്രതിഷേധവുമായി ബംഗ്ലാദേശ്

അസം: ബംഗ്ലാദേശ് അതിർത്തിയിൽ ബംഗ്ലാദേശ് അതിര്‍ത്തിസേന (ബി.ജി.ബി) കാവലില്ലാത്ത ഇടങ്ങളിലൂടെ ആളുകളെ ബലംപ്രയോഗിച്ച് അതിർത്തി കടത്തി വിടുകയാണെന്ന വിവാദ വെളിപ്പെടുത്തലുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളികളെ കൈമാറാൻ നിലവിൽ കരാറുകളില്ലെന്ന് തെറ്റായി അവകാശപ്പെട്ട അസം മുഖ്യമന്ത്രി, ബംഗ്ലാദേശ് സേനയുടെ സാന്നിധ്യമില്ലാത്ത പഴുതുകൾ നോക്കി അർധരാത്രിയിലാണ് ഇവരെ തിരിച്ചയക്കുന്നതെന്ന് പറഞ്ഞു. ബി.എസ്.എഫ് കസ്റ്റഡിയിലെടുക്കുന്നവരെ 10 മുതൽ 40 ദിവസം വരെ പാർപ്പിച്ച ശേഷം ഇത്തരം ഇടങ്ങളിലെത്തിച്ച് 'പിടിച്ചു തള്ളുകയാണ്' ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംശയിക്കപ്പെടുന്നവരെ ഒഴിപ്പിക്കാൻ ജില്ല മജിസ്‌ട്രേറ്റുമാർക്ക് സുപ്രീം കോടതി അധികാരം നൽകിയിട്ടുണ്ടെന്നും എന്നാൽ, എങ്ങോട്ടാണ് അയക്കേണ്ടതെന്ന് കോടതി ഉത്തരവിൽ പറയുന്നില്ലെന്നുമാണ് ഇതിന് ന്യായീകരണമായി അദ്ദേഹം നിരത്തുന്നത്. ആളുകളെ അതിർത്തിക്കടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്ത് കൊണ്ടുപോയി തള്ളുന്നതിനെ 'പുഷ് ബാക്ക്' എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ എത്രപേരെ ഇത്തരത്തിൽ തിരിച്ചയച്ചു എന്ന കണക്ക് നൽകാൻ വിസമ്മതിച്ച മുഖ്യമന്ത്രി, സരൂപഥാർ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്ന് 12,000 പേരെ നീക്കം ചെയ്തത് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആളുകൾ സ്വയം ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിൽ അവർക്ക് ഇവിടം മടുക്കുന്ന തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹിമന്തയുടെ പരാമർശത്തിൽ ബംഗ്ലാദേശ് സർക്കാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ ഹൈക്കമീഷണറെ വിളിച്ചുവരുത്തിയ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം, ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച 20 പേരെ ഇത്തരത്തിൽ പുറത്താക്കിയതായി മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് ശേഷം ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാവുകയും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ഹിമന്തയുടെ പ്രസ്താവന പുറത്തുവരുന്നത്.

Tags:    
News Summary - Bangladeshis are being forcibly pushed across the border; Himanta Biswa Sarma makes controversial revelation, Bangladesh protests.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.