ഭീമ കൊറേഗാവ് കേസ്; ഗൗതം നവ്‍ലഖക്ക് ഹൈകോടതിയിൽ നിന്ന് ജാമ്യം, വിധി നടപ്പാക്കുക മൂന്നാഴ്ച കഴിഞ്ഞ്

മുംബൈ: ഭീമ കൊറേഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ഗൗതം നവ്‍ലഖക്ക് (73) ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എ.എസ്. ഗഡ്കരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്. ജാമ്യം അനുവദിക്കുന്നത് ആറാഴ്ചത്തേക്ക് നീട്ടണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. തുടർന്ന്, ജാമ്യം നൽകിയുള്ള വിധി നടപ്പാക്കുന്നത് കോടതി മൂന്നാഴ്ചത്തേക്ക് നീട്ടി.

ഗൗതം നവ്‍ലഖയെ 2018 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. തലോജ ജയിലിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ 2022ൽ ആരോഗ്യാവസ്ഥ പരിണിച്ച് സുപ്രീംകോടതി വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. എൻ.ഐ.എയുടെ കടുത്ത എതിർപ്പ് അവഗണിച്ച് കർശന നിബന്ധനകളോടെയായിരുന്നു വീട്ടുതടങ്കൽ അനുവദിച്ചത്.

ഭീമ കൊറേഗാവ് കേസിലെ മറ്റ് പ്രതികളിൽപെട്ട വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ആഗസ്റ്റിൽ സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. സെപ്റ്റംബറിൽ ആക്ടിവിസ്റ്റ് മഹേഷ് റാവത്തിന് ബോംബെ ഹൈകോടതി ജാമ്യം നൽകിയിരുന്നു.

2018ൽ ഭീമാ കൊറെഗാവ് യുദ്ധത്തിന്‍റെ 200ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെയടക്കം മഹാരാഷ്ട്ര പൊലീസ് ജയിലിലടച്ചത്. ദലിതരുടെ സമ്മേളനത്തിലേക്ക് മറാത്ത സവർണർ നടത്തിയ ആക്രമണം ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് വളരുകയായിരുന്നു.

ഭീമ കൊറേഗാവില്‍ നടന്ന സമ്മേളനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നും അവിടെ നടന്നത് മോദിയെ വധിക്കാനുള്ള ഗൂഢാലോചന ആണെന്നും ആരോപിച്ചാണ് സുധീര്‍ ധാവ്‌ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാൻ സാമി, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയ 16 ഓളം പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്.

Tags:    
News Summary - Bail To Gautam Navlakha In Bhima Koregaon Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.