ഛണ്ഡിഗഢ്: ഓപറേഷൻ സിന്ദൂരിന്റെ മാധ്യമ കവറേജിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു.
സാമുദായിക സംഘർഷം, കലാപം, മതവിശ്വാസങ്ങളെ അപമാനിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ അദ്ദേഹത്തിനെതിരെ ചുമത്തിയതായി വാർത്താ വെബ്‌സൈറ്റായ ‘സ്ക്രോൾ’ റിപ്പോർട്ട് ചെയ്യുന്നു. ഈ നടപടി അക്കാദമിക്, ആക്ടിവിസ്റ്റ് വൃത്തങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
‘പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെ ഇന്ന് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ഏതോ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ പീഡനത്തെ ശക്തമായി അപലപിക്കുന്നു. ഹരിയാന പൊലീസ് വിദ്യാസമ്പന്നനായ ഒരാളെ അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാൻ പ്രേരിപ്പിക്കേണ്ടതുണ്ട്. അതിൽ ദേശവിരുദ്ധമോ സ്ത്രീവിരുദ്ധമോ ഒന്നുമില്ല. ഞങ്ങൾ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ദയവായി അദ്ദേഹത്തിന്റെ പോസ്റ്റുകൾ നിങ്ങൾ തന്നെ വായിക്കുക @DGPHaryana. ഇത് അദ്ദേഹത്തെ ഉപദ്രവിക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്’ എന്ന് സാമൂഹിക പ്രവർത്തക ഷബ്നം ഹാഷ്മി ‘എക്സി’ൽ പ്രതികരിച്ചു.
സായുധ സേനയിലെ വനിതാ ഓഫിസർമാരെ വലതുപക്ഷം പ്രശംസിക്കുകയും വിദ്വേഷ കുറ്റകൃത്യങ്ങളെയും വ്യവസ്ഥാപരമായ അനീതികളെയും കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നതിനെ ‘കാപട്യം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചതിനെ ചൂണ്ടിക്കാട്ടി മെയ് 8ന് മഹ്മൂദാബാദ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന്റെ പേരിലാണ് അറസ്റ്റ്.
‘ഒടുവിൽ കേണൽ സോഫിയ ഖുറൈഷിയെ പ്രശംസിക്കുന്ന നിരവധി വലതുപക്ഷ കമന്റേറ്റർമാരെ കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഒരുപക്ഷേ അവർക്ക് ആൾക്കൂട്ട കൊലപാതകങ്ങളുടെയും ഏകപക്ഷീയമായ ബുൾഡോസിങ്ങിന്റെയും ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണത്തിന്റെയും ഇരകളായ മറ്റുള്ളവരെയും ഇന്ത്യൻ പൗരന്മാരായി സംരക്ഷിക്കണമെന്ന് ഉച്ചത്തിൽ ആവശ്യപ്പെടാനും കഴിയും. രണ്ട് വനിതാ സൈനികർ അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രധാനമാണ്. പക്ഷേ, അവ യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടണം. അല്ലാത്തപക്ഷം അത് വെറും ‘കാപട്യം’ മാത്രമാണ്’ എന്നായിരുന്നു മഹ്മൂദാബാദ് എഴുതിയത്.
തുടർന്ന്, ഹരിയാന സംസ്ഥാന വനിതാ കമീഷൻ അദ്ദേഹത്തിനെതിരെ ‘ഇന്ത്യൻ സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരെ അവഹേളിക്കുകയും’ ‘സാമുദായിക അനൈക്യം പ്രോത്സാഹിപ്പിക്കുകയും’ ചെയ്തതായി ആരോപിച്ചു. മെയ് 23 നകം അവരുടെ മുമ്പാകെ ഹാജരാകാത്തപക്ഷം ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി.
എന്നാൽ, തന്റെ അഭിപ്രായങ്ങൾ മനഃപൂർവം വളച്ചൊടിക്കുകയാണെന്ന് മഹ്മൂദാബാദ് മറുപടി നൽകി. ‘എന്റെ മുഴുവൻ അഭിപ്രായങ്ങളും പൗരന്മാരുടെയും സൈനികരുടെയും ജീവൻ സംരക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു. മാത്രമല്ല, സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കാവുന്ന തരത്തിൽ എന്റെ അഭിപ്രായങ്ങളിൽ ഒന്നും തന്നെയില്ല’ എന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമർശങ്ങളും സ്ത്രീകളുടെ അവകാശങ്ങൾക്കെതിരായ ആക്രമണവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ കമീഷന്റെ നോട്ടീസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. അറസ്റ്റിനുപിന്നാലെ പ്രശസ്തരായ അക്കാദമിക് വിദഗ്ധർ, ചരിത്രകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ 1,100ലധികം പേർ സമൻസ് പിൻവലിക്കണമെന്നും കമീഷൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഒരു നിവേദനത്തിൽ ഒപ്പുവെച്ചു.
‘ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. എന്നാൽ, കുറ്റകൃത്യം ഇല്ലാത്തിടത്ത് അത് കണ്ടുപിടിക്കുന്നതിനുപകരം അക്രമം പരിഹരിക്കുന്നതിലും സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിലും നാം അടിയന്തിരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്’- ഹരജിയിൽ പറയുന്നു.
‘ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന സംസാര സ്വാതന്ത്ര്യം വിദ്വേഷം പ്രചരിപ്പിക്കാനും ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ശക്തികളിൽനിന്ന് എത്രത്തോളം ഭീഷണി നേരിടുന്നുവെന്ന് കമീഷൻ അതിന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ഹരിയാന സംസ്ഥാന വനിതാ കമീഷൻ സമൻസ് പിൻവലിക്കണമെന്നും പ്രഫ. അലി ഖാൻ മഹ്മൂദാബാദിനെ മനഃപൂർവം അപകീർത്തിപ്പെടുത്തിയ രീതിക്ക് അദ്ദേഹത്തോട് പരസ്യവും സമ്പൂർണവുമായ ക്ഷമാപണം നടത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു’വെന്നും അതിൽ പറയുന്നു. അമിത് ഭാദുരി, ആനന്ദ് പട്‌വർധൻ, ഹർഷ് മന്ദർ, ജയതി ഘോഷ്, നിവേദിത മേനോൻ, രാമചന്ദ്ര ഗുഹ, റൊമീല ഥാപ്പർ എന്നിവർ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.