അന്തിമപട്ടികയായി; സംസ്ഥാനത്ത് അഞ്ചര ലക്ഷം വോട്ടർമാരുടെ കുറവ്​

തിരുവനന്തപുരം: ​സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തിൽ അഞ്ചരലക്ഷം പേർ കുറഞ്ഞു. പുതുക്കലിനു ശേഷം ഇക്കൊല്ലത്തെ അന്തിമ വോട്ടർപട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു. 2,67,95,581 വോട്ടർമാരാണ് പട്ടികയിൽ. നവംബറിൽ ഇറക്കിയ കരട്​ പട്ടികയിൽ വോട്ടർമാരുടെ എണ്ണം 2,71,62,290 ആയിരുന്നു. ഇതിലാണ്​ ഇത്രയും വലിയ കുറവ്​​. മരണപ്പെട്ട 3,60,161 പേരെയും താമസം മാറിയ 1,97,497 പേരെയും അടക്കം 5,65,334 വോട്ടർമാരെ​യാണ്​ പട്ടികയിൽനിന്ന് ഒഴിവാക്കി​യത്​.

വോട്ടർമാർ കൂടുതൽ മലപ്പുറത്തും (32,18,444 ) കുറവ്​ വയനാട്ടിലും (6,15,984 ) ആണ്​. സ്ത്രീ വോട്ടർമാരാണ്​ കൂടുതൽ (1,38,26,149 പേർ). പുരുഷ വോട്ടർമാർ 1,29,69,158 പേർ. 274 ഭിന്നലിംഗ വോട്ടർമാരും പട്ടികയിലുണ്ട്​. 18 വയസ്സുള്ള 41,650 വോട്ടർമാർ പുതുയി ചേർന്നു. 87,946 പ്രവാസി വോട്ടർമാരുണ്ട്​. കൂടുതൽ സ്ത്രീവോട്ടർമാർ മലപ്പുറത്താണ്​ (16,08,247). ഭിന്ന ലിംഗ വോട്ടർമാർ കൂടുതൽ തിരുവനന്തപുരത്തും​ (55). കോഴിക്കോടാണ്​ പ്രവാസി വോട്ടർമാർ കൂടുതൽ (34,695). 17 വയസ്സ്​ പൂർത്തിയായ 14,682 പേർ മുൻകൂറായി വോട്ടർ പട്ടികയിൽ പേ‍ര് ചേർക്കാനായി അപേക്ഷിച്ചിട്ടുണ്ട്​. ഏപ്രിൽ ഒന്ന്​, ജൂലൈ ഒന്ന്​, ഒക്ടോബർ ഒന്ന്​ എന്നീ യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ്സ്​ പൂര്‍ത്തിയാകുന്നത് ആ തീയതി അനുസരിച്ച് അപേക്ഷ പരിശോധിച്ച്​ ഇവ​രെ പട്ടികയില്‍ ഉൾപ്പെടുത്തും.

അഞ്ചു ലക്ഷത്തിലധികം പേരെ പട്ടികയിൽനിന്ന് നീക്കിയത്​ വോട്ടർ പട്ടിക ശുദ്ധീകരിച്ചതിന്​ തെളിവാണെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. ജില്ലകൾതോറും വോട്ടർ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്. ബൂത്ത് ലെവൽ ഓഫിസർമാർ നിരന്തരം വീടുകൾ സന്ദർശിച്ച്​ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭിക്കും. സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫിസുകളിൽനിന്ന് വോട്ടർ പട്ടിക വാങ്ങി സൂക്ഷ്മ പരിശോധന നടത്താം.

Tags:    
News Summary - As the final list; Shortage of five and a half lakh voters in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.