മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന് വീണ്ടും സമൻസ്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഇ.ഡി വീണ്ടും സമൻസ് അയച്ചു. ഫെബ്രുവരി 26 ന് ഹാജരാകാൻ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ വകുപ്പുകൾ പ്രകാരം ഇ.ഡി അരവിന്ദ് കെജ്‌രിവാളിന് അയക്കുന്ന ഏഴാമത്തെ സമൻസാണിത്. ആറു തവണ സമൻസയച്ചിട്ടും ഹാജരാവാത്തതിനെ തുടർന്ന് കെജ്‌രിവാളിനെതിരെ റോസ് അവന്യൂ കോടതിയിൽ ഇ.ഡി പരാതി നൽകിയിരുന്നു. തുടർന്ന് വിഡിയോ ലിങ്ക് വഴി കെജ്‍രിവാൾ ഹാജരാവുകയും ചെയ്തു. മാർച്ച് 16ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്.

നിയമപ്രകാരം ചെയ്യേണ്ടതെന്തും ചെയ്യുമെന്നതായിരുന്നു കഴിഞ്ഞ സമന്‍സുകളെ കുറിച്ചുള്ള ചോദ്യത്തിന് കെജ്‌രിവാളിന്റെ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താതിരിക്കാന്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇ.ഡിയുടെ പദ്ധതിയെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. വിവാദമായതോടെ 2023 ജൂലൈയില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഏപ്രിലില്‍ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. 

Tags:    
News Summary - Arvind Kejriwal issued summons for seventh time by Enforcement Directorate in Delhi liquor policy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.