ന്യൂഡൽഹി: ജസ്റ്റിസ് പി. സദാശിവം കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ കേരള ഗവർണറായി മുൻകേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി നിയമിച്ചു. മറ്റു നാലു സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയോഗിച്ചു. തമിഴ്നാട് ബി.ജെ.പി അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദരരാജൻ തെലങ്കാന ഗവർണറാകും.
മുൻകേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഹിമാചൽപ്രദേശ് ഗവർണർ. അവിടെ ഗവർണറായിരുന്ന കൽരാജ് മിശ്ര രാജസ്ഥാനിൽ കല്യാൺ സിങ്ങിനു പകരം ചുമതലയേൽക്കും. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മഹാരാഷ്ട്രയിൽ ഭഗത് സിങ് കോശിയാരിയാണ് പുതിയ ഗവർണർ. വിദ്യാസാഗർ റാവു അഞ്ചുവർഷ കാലാവധി പൂർത്തിയാക്കി. ദീർഘകാലം കോൺഗ്രസ് നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് ജനതാദൾ, ബി.എസ്.പി, ബി.ജെ.പി എന്നിവയിലും ചെന്നെത്തി.
12 വർഷമായി സജീവ രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും ബി.ജെ.പി അനുഭാവിയാണ്. ഷാബാനു കേസിനെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ഉടക്കി കോൺഗ്രസ് വിട്ട ആരിഫ് മുഹമ്മദ് ഖാൻ മുത്തലാഖ് വിഷയത്തിലും മറ്റും മോദി സർക്കാറിനെ ശക്തമായി അനുകൂലിച്ചിരുന്നു. ആന്ധ്രപ്രദേശ് വിഭജിച്ച ശേഷം ഇതാദ്യമായാണ് തെലങ്കാനക്ക് മാത്രമായി ഗവർണറെ നിയോഗിക്കുന്നത്. ഇപ്പോൾ ആന്ധ്രപ്രദേശിെൻറയും തെലങ്കാനയുടെയും ഗവർണർ ഇ.എസ്.എൽ. നരസിംഹനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.