ചെന്നൈ: മുൻ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവെച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനെ നേരിൽ സന്ദർശിച്ചാണ് അണ്ണാമലൈ തന്റെ രാജിക്കത്ത് സമർപ്പിച്ചത്.
പിന്നീട് ബി.ജെ.പി മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷായുമായി 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തി. അഞ്ചുപേജുള്ള രാജിക്കത്തിൽ തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും ബി.ജെ.പിക്കേറ്റ കനത്ത തോൽവിയുടെ കാരണങ്ങളും വിശദീകരിച്ചിട്ടുണ്ട്.
സ്വന്തം രാഷ്ടീയകക്ഷി രൂപീകരിച്ച് രംഗത്തിറങ്ങാൻ തീരുമാനിച്ച അണ്ണാമലൈ ബി.ജെ.പിയിൽനിന്നുള്ള സൗഹാർദപരമായ അന്തരീക്ഷത്തിലുള്ള ‘വിടവാങ്ങൽ’ ഉദ്ദേശിച്ചാണ് കേന്ദ്ര ബി.ജെ.പി നേതാക്കളെ സന്ദർശിച്ചത്. നിതിൻ നബിനുമായുള്ള കൂടിക്കാഴ്ചയിൽ ബി.ജെ.പി സംഘടന സെക്രട്ടറി ബി.എൽ. സന്തോഷും സന്നിഹിതനായിരുന്നു.
കേന്ദ്ര മന്ത്രിസഭ പ്രാതിനിധ്യവും പാർട്ടിയിൽ ദേശീയതലത്തിൽ പദവിയും അണ്ണാമലൈക്ക് ഉറപ്പ് നൽകിയെങ്കിലും ഇനി സ്വന്തം വഴി തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്നാണ് അണ്ണാമലൈ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. അതേസമയം ഏതെങ്കിലും വിധത്തിൽ അണ്ണാമലൈയെ അനുനയിപ്പിച്ച് പാർട്ടിക്കൊപ്പം നിർത്താനുള്ള അവസാനഘട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ, രാജി സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
പ്രത്യേക സാഹചര്യത്തിൽ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ, അടുത്ത ദിവസം അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ അറിയിച്ചത്.
തെന്നിന്ത്യയിലെ ബി.ജെ.പിയുടെ ‘ക്രൗഡ് പുള്ളറായി’ അറിയപ്പെട്ടിരുന്ന അണ്ണാമൈലയുടെ രാജി പാർട്ടിക്ക് കനത്ത പ്രഹരമാവുമെന്നാണ് വിലയിരുത്തൽ. കേരളം, കർണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അണ്ണാമലൈയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയോഗിച്ചിരുന്നു.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അണ്ണാ ഡി.എം.കെയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിന്റെ മുന്നോടിയായാണ് 2025 ഏപ്രിലിൽ അണ്ണാമലൈയെ മാറ്റി പകരം നൈനാർ നാഗേന്ദ്രനെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷനായി അവരോധിച്ചത്. എം.ജി.ആർ, ജയലളിത പോലുള്ള മുൻകാല നേതാക്കളെ രൂക്ഷമായി വിമർശിച്ച അണ്ണാമലൈ ബി.ജെ.പി അധ്യക്ഷനായി തുടരുന്നിടത്തോളം സഖ്യത്തിന് തയാറല്ലെന്ന് അണ്ണാ ഡി.എം.കെ അറിയിച്ചതിനെ തുടർന്നാണ് അണ്ണാമലൈയെ തൽസ്ഥാനത്തുനിന്ന് നീക്കിയത്.
തെരഞ്ഞെടുപ്പിനുശേഷം അണ്ണാമലൈക്ക് സംഘടനാതലത്തിൽ ദേശീയ പദവിയോ കേന്ദ്ര മന്ത്രിസഭാംഗത്വമോ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിലുള്ള തീരുമാനം അനിശ്ചിതമായി നീളുകയായിരുന്നു. ഇതിൽ അണ്ണാമലൈ കടുത്ത അസംതൃപ്തിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.