മമതയ്ക്ക് കനത്ത തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ തൃണമൂൽ കോൺഗ്രസ് തർക്കത്തിൽ മമത ബാനർജിക്ക് കനത്ത പ്രഹരം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എൽ.എ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു. തന്നെ പിന്തുണയ്ക്കുന്ന 59 തൃണമൂൽ എം.എൽ.എമാരുമായി ഋതബ്രത ബാനർജി നിയമസഭയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സ്പീക്കറുടെ നടപടി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക മുറിയുടെ താക്കോലും സ്പീക്കർ ഇദ്ദേഹത്തിന് കൈമാറി.

മുതിർന്ന നേതാവ് ശോഭൻദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവാക്കാൻ മമത ബാനർജി തീരുമാനിച്ചതിനെ പരസ്യമായി വെല്ലുവിളിച്ചാണ് വിമത വിഭാഗം രംഗത്തെത്തിയത്. നിയമസഭയിലെ തൃണമൂൽ കോൺഗ്രസിന്റെ ആകെ അംഗബലത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിലധികം എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയാണ് വിമതരുടെ നീക്കം. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഈ തന്ത്രം ഇവർ പുറത്തെടുത്തത്. 294 അംഗ നിയമസഭയിൽ 80 എം.എൽ.എമാരാണ് തൃണമൂലിനുള്ളത്.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങുകയും സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ വരികയും ചെയ്തതിന് പിന്നാലെയാണ് പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മമത ബാനർജി വിളിച്ചുചേർത്ത യോഗങ്ങളിൽ നിന്ന് ഭൂരിഭാഗം എം.എൽ.എമാരും വിട്ടുനിൽക്കുകയായിരുന്നു. മേയ് 6-ന് 71 എം.എൽ.എമാർ യോഗത്തിനെത്തിയ സ്ഥാനത്ത് മേയ് 31-ന് വെറും 20 പേർ മാത്രമാണ് മമതയുടെ വസതിയിലെത്തിയത്.

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് തൃണമൂൽ നൽകിയ കത്തിൽ എം എൽ എമാരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് കാണിച്ച് ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ഇരുവരെയും തൃണമൂൽ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. സി.പി.എം രാജ്യസഭാ എം.പി ആയിരുന്ന ഋതബ്രത പിന്നീട് തൃണമൂലിൽ ചേരുകയായിരുന്നു. തോൽവി അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അഭിഷേക് ബാനർജിക്ക് എഴുന്നേറ്റ് നിന്ന് കൈയടിക്കാൻ തങ്ങളോട് ആവശ്യപ്പെട്ടതായും ഋതബ്രത ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് തകരുമെന്ന് ബി.ജെ.പി മന്ത്രി തപസ് റോയ് പ്രതികരിച്ചപ്പോൾ, തൃണമൂലിൽ നിന്നുള്ള നേതാക്കളെ ബി.ജെ.പിയിൽ എടുക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ വ്യക്തമാക്കി.

Tags:    
News Summary - A major setback for Mamata; Speaker accepts rebel leader Ritabrata Banerjee as Leader of Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.