പരാതികളെല്ലാം ഒറ്റ പ്രഖ്യാപനത്തിൽ തീർത്തു; തമിഴ്‌നാട്ടിൽ കോൺഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനൽകി ടി.വി.കെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ രാഷ്ട്രീയ വൃത്തങ്ങളെ വീണ്ടും അമ്പരപ്പിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. ജൂൺ 18ന് നടക്കാനിരിക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെ ഏക സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തങ്ങളുടെ ആദ്യ പ്രതിനിധിയെ അയക്കാനും പാർലമെന്റിൽ അക്കൗണ്ട് തുറക്കാനുമുള്ള സുവർണ്ണാവസരമാണ് കോൺഗ്രസിനായി വിജയ് വേണ്ടെന്നുവെച്ചത്.

അണ്ണാഡിഎംകെ നേതാവ് സി.വി. ഷൺമുഖം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റിലേക്ക് പ്രഫഷനൽ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം. ഞായറാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം, എ.ഐ.സി.സി ഇൻചാർജ് ഗിരീഷ് ചോദങ്കർ, മന്ത്രി രാജേഷ് കുമാർ എന്നിവരടങ്ങിയ ഉന്നതതല കോൺഗ്രസ് സംഘം ചെന്നൈയിലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച കഴിഞ്ഞ് കോൺഗ്രസ് സംഘം മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സീറ്റ് വിട്ടുനൽകിക്കൊണ്ടുള്ള വിജയ്‌യുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ദേശീയതലത്തിൽ ഒരു കാര്യത്തിലും വിജയ് കോൺഗ്രസിനൊപ്പം നിൽക്കുന്നില്ലെന്ന പരാതികൾക്കിടയിലാണ് ഈ നിർണായക നീക്കം.

ദേശീയതലത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നിലനിർത്താൻ കൂടുതൽ അംഗങ്ങളെ ആവശ്യമുള്ള കോൺഗ്രസിന് ഈ തീരുമാനം വലിയൊരു ആശ്വാസമാണ്. വർഷങ്ങളായി തമിഴ്‌നാട് ഭരണത്തിൽ പങ്കാളിത്തമില്ലാതിരുന്ന കോൺഗ്രസിന് വിജയ്‌യുടെ ടി.വി.കെ മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു രാജ്യസഭാ സീറ്റ് കൂടി ലഭിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ അംഗങ്ങളുടെ എണ്ണം ഇതോടെ മൂന്നായി ഉയരും. ഡി.എം.കെ സഖ്യത്തിലായിരുന്ന സമയത്ത് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി വിവാദത്തിൽപെട്ട ആളാണ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള പ്രവീൺ ചക്രവർത്തി. എന്നാൽ, സ്ഥാനാർത്ഥി കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.