ഡി.കെ. ശിവകുമാറിന് അഭിനന്ദനങ്ങളുമായി നരേന്ദ്ര മോദി

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ഡി.കെ. ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കുമായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്നു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. എക്സിൽ  പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

'കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലയളവിലേക്ക് എല്ലാവിധ ആശംസകളും നേരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി കർണാടക സർക്കാരുമായി കേന്ദ്രം കൈകോർത്ത് പ്രവർത്തിക്കും' എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.

ബംഗളൂരുവിലെ ലോക് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് കർണാടകയുടെ 34-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഔദ്യോഗികമായി ചുമതലയേറ്റത്. ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പുതിയ സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒന്നടങ്കം ചടങ്ങിൽ സന്നിഹിതരായിരുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തി. വിവിധ സാമൂഹിക-ആത്മീയ രംഗങ്ങളിലെ പ്രമുഖരും സന്യാസിവര്യന്മാരും ഉൾപ്പെടെ വൻ ജനവലിയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്.

Tags:    
News Summary - Narendra Modi congratulates DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.