നീറ്റ് യു.ജി: പരീക്ഷ കേന്ദ്രം മാത്രം അറിയിച്ചാൽ മതി, 20 ലക്ഷത്തിന് സർക്കാർ മെഡിക്കൽ സീറ്റ് റെഡി; തട്ടിപ്പുസംഘത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ഉദ്യോഗാർഥി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചമൂലം റദ്ദാക്കിയ നീറ്റ് യു.ജിയുടെ പുനഃപ്പരീക്ഷ നടത്താനിരിക്കെ, വൻ തുകയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുസംഘങ്ങൾ സജീവമെന്ന് ഉദ്യോഗാർഥി. അഹമ്മദാബാദ് സ്വദേശിയായ ശുഭം താക്കർ ആണ് ഈ തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

പരീക്ഷ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒ.എം.ആർ ഷീറ്റുകളിൽ തിരിമറി നടത്തി സീറ്റ് നൽകാമെന്നാണ് ഇടനിലക്കാർ നൽകുന്ന വാഗ്ദാനം. ഏകദേശം 20 ലക്ഷം രൂപ മുതലാണ് ഇതിനായി സംഘം ഈടാക്കുന്നത്. തട്ടിപ്പ് സംഘവുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് ചെയ്തതുൾപ്പെടെയുള്ള തെളിവുകൾ ഗുജറാത്ത് സൈബർ സെല്ലിന് ഉദ്യോഗാർഥി കൈമാറി. പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പരീക്ഷ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം നൽകിയാൽ മതിയെന്നാണ് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. പരീക്ഷാ സമയത്ത് വിദ്യാർഥികളോട് ഒ.എം.ആർ ഉത്തരക്കടലാസുകൾ പൂർണമായും ഒഴിഞ്ഞിടാൻ ഇവർ നിർദേശിക്കുന്നു. തങ്ങളുമായി ധാരണയിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പണം നൽകി സ്വാധീനിച്ച്, പരീക്ഷയ്ക്ക് ശേഷം ഈ ഒഴിഞ്ഞ ഒ.എം.ആർ ഷീറ്റുകളിൽ കൃത്യമായ ഉത്തരങ്ങൾ പൂരിപ്പിച്ചു നൽകുമെന്നാണ് ബ്രോക്കർമാരുടെ അവകാശവാദം.

സംശയം ഒഴിവാക്കാനായി റാങ്ക് ലിസ്റ്റിൽ ഏറ്റവും ഉയർന്ന മാർക്കോ റാങ്കോ ഇവർ വാഗ്ദാനം ചെയ്യുന്നില്ല. പകരം, ഒരു സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കാൻ ആവശ്യമായ കൃത്യമായ മാർക്ക് മാത്രം ഒ.എം.ആർ ഷീറ്റിൽ രേഖപ്പെടുത്തുകയാണ് ഇവരുടെ രീതിയെന്ന് ഉദ്യോഗാർഥി പറഞ്ഞു. 2023, 2024 വർഷങ്ങളിൽ നീറ്റ് പരീക്ഷ എഴുതിയയാളാണ് ശുഭം താക്കർ. ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് ഈ മാഫിയ പടർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ജൂൺ 21നാണ് 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതുന്ന നീറ്റ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ ഉയർന്ന പുതിയ അഴിമതി ആരോപണം രാജ്യവ്യാപകമായി വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ എൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകൾ വഴി 15 ലക്ഷം രൂപയ്ക്ക് നീറ്റ് ചോദ്യപേപ്പറുകൾ വിറ്റഴിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ നാഷനൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കിയത്.

Tags:    
News Summary - NEET UG: Just inform the exam center, government medical seat ready for 20 lakhs; Candidate reveals details of fraud gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.