തീവ്രവാദികൾ അജിത്​ ഡോവലിന്‍റെ​ വീടാക്രമിക്കാൻ പദ്ധതിയിട്ടതായി​ വെളിപ്പെടുത്തൽ; സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: തീവ്രവാദ ഭീഷണിയെ തുടർന്ന്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലിന്‍റെ വിട്ടിലേയും ഓഫീസിലെയും സുരക്ഷ വർധിപ്പിച്ച​തായി കേന്ദ്ര സർക്കാർ അറിയിച്ചു. ജെയ്​ഷെ മുഹമ്മദ്​ തീവ്രവാദിയെന്ന്​ സംശയിക്കുന്ന ഹിദായത്തുള്ളാ മാലികിന്‍റെ അറസ്റ്റിന്​ പിന്നാലെ അയാളിൽ നിന്ന്​ ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​​ നടപടിയെന്നാണ്​ കേന്ദ്ര ഏജൻസികൾ പറയുന്നത്​. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്.

അജിത്​ ഡോവലിനെ ലക്ഷ്യമിട്ട്​ സർദാർ പ​േട്ടൽ ഭവനും രാജ്യ തലസ്ഥാനത്തെ മറ്റ്​ ഉന്നത കേന്ദ്രങ്ങളിലും രഹസ്യാന്വേഷണം നടത്തിയിരുന്നു എന്ന്​ ജെയ്​ഷെ മുഹമ്മദ്​ തീവ്രവാദി വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ്​ സൂചന. 2016ലെ ഉറി ആക്രമണത്തിനും 2019ലെ ബലാകോട്ട് വ്യോമാക്രമണത്തിനും ശേഷം പാക് ഭീകരസംഘടനകളുടെ പ്രധാന ലക്ഷ്യമാണ് അജിത്​ ഡോവലെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പറയുന്നു.

ഫെബ്രുവരി ആറിന് മാലിക് അറസ്റ്റിലായതിന്​ പിന്നാലെ കേസുമായി ബന്ധപ്പെട്ട് ചിലരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷോപിയാനിലെ രണ്ട് നിവാസികൾ, ഹിദായത്തുള്ളാ മാലിക്കിന്‍റെ ഭാര്യ, ചണ്ഡിഗഢിലെ കോളേജ്​ വിദ്യാർഥി, ഒരു ബീഹാർ സ്വദേശി എന്നിവരെയാണ്​ ചോദ്യം ചെയ്​തത്​.

ആയുധങ്ങളും വെടിയുണ്ടകളുമായാണ് ഷോപ്പിയാൻ സ്വദേശിയായ മാലിക്കിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ ഒരു വാഹനവും പിടിച്ചെടുത്തിരുന്നു. ജയ്ഷ് ഫ്രണ്ട് ഗ്രൂപ്പായ ലഷ്കർ-ഇ-മുസ്തഫയുടെ തലവനായ മാലികിനെ അനന്ത്നാഗിൽ വെച്ച്​ അറസ്റ്റുചെയ്തതിന് ശേഷം ഗംഗ്യാൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.