രോഗികളെ ലക്ഷദ്വീപിൽ നിന്ന്​ ആകാശമാർഗം കൊണ്ടുപോകൽ: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: അടിയന്തരഘട്ടത്തിൽ ലക്ഷദ്വീപിൽനിന്ന് രോഗികളെ എയർലിഫ്റ്റ്​ ചെയ്യാനുള്ള പുതിയ മാർഗനിർദേശങ്ങൾ സംബന്ധിച്ച് ഹൈകോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി. വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കാനാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. രോഗികളെ ആകാശമാർഗം കൊച്ചിയിലേക്കും മറ്റും കൊണ്ടുവരണോയെന്ന് പരിശോധിച്ച് തീരുമാനിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചതിനെതിരെ അമിനി ദ്വീപ് നിവാസി മുഹമ്മദ് സ്വാലിഹ് നൽകിയ ഹരജിയിലാണ് ഉത്തരവ്.

നേരത്തേ ഒാരോ ദ്വീപിലെയും ആശുപത്രി സൂപ്രണ്ടുമാരോ മെഡിക്കൽ ഒാഫിസർമാരോ നൽകുന്ന ശിപാർശ പരിഗണിച്ച് കവരത്തി ദ്വീപിലെ മെഡിക്കൽ ഒാഫിസർ പോർട്ട് ഡയറക്ടർക്ക് എയർലിഫ്റ്റ്​ ചെയ്യാൻ നിർദേശം നൽകുകയായിരുന്നെന്ന് ഹരജിയിൽ പറയുന്നു. ഇതുമാറ്റി നാലംഗ വിദഗ്ധ സമിതി ലിഫ്റ്റിങ്​ തീരുമാനിക്കുമെന്ന മേയ് 24ലെ ഉത്തരവ് രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കുന്നത്​ തടസ്സപ്പെടുത്തുമെന്നാണ് ആരോപണം.

എന്നാൽ, നാലംഗ സമിതി യോഗം ചേർന്നല്ല ഇക്കാര്യം തീരുമാനിക്കുന്നതെന്നും അവശ്യഘട്ടത്തിൽ ഫോണിൽ ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. ഉത്തരവിറങ്ങിയ ശേഷം 13 പേരെ ഇങ്ങനെ കൊണ്ടുപോയിട്ടുണ്ട്. ലക്ഷദ്വീപിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ സ്പെഷലിസ്​റ്റ്​ ഡോക്ടർമാർ ഉൾപ്പെടെ 94 പേരുടെ സേവനം ഉറപ്പാക്കിയതിനാൽ എയർലിഫ്റ്റ്​ ചെയ്യേണ്ട സാഹചര്യം കുറഞ്ഞുവരുന്നുണ്ട്​.

ഒരുതവണ കൊച്ചിയിലേക്ക് രോഗിയെ ആകാശമാർഗം കൊണ്ടു പോകുന്നതിന് എട്ടുമുതൽ 10 ലക്ഷം രൂപ വരെ ചെലവു വരുന്നുണ്ട്. ഇത്​ കണക്കിലെടുത്ത് മികച്ച ചികിത്സ ദ്വീപിൽത്തന്നെ ഒരുക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്നും വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.