അഹമ്മദാബാദ് വിമാനദുരന്തം: ​'ആരും പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ല'; വിദേശമാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ആരും പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സുര്യകാന്ത്, ജോയ്മല്യ ബാച്ചി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. എയർ ഇന്ത്യ വിമാനാപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വിമാനത്തിലെ പൈലറ്റുമാരിലൊരളായ സുമീത് സബർവാളിന്റെ പിതാവ് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി വാക്കാൽ പരാമർശം നടത്തിയത്.

അഹമ്മദാബാദ് വിമാനാപകടം വളരെ നിർഭാഗ്യകരമാണ്. എന്നാൽ, വിമാനദുരന്തത്തിൽ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ ചുമക്കേണ്ട കാര്യമില്ലെന്ന് ഹരജിക്കാരനോട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എയർ ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇന്ധനനിയന്ത്രണ സ്വിച്ച് ആരാണ് ഓഫ് ആക്കിയതെന്ന് ചോദിക്കുമ്പോൾ താനല്ലെന്ന് നിങ്ങളുടെ മകൻ മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് മറ്റൊരു ജസ്റ്റിസായ ബാച്ചിയും പറഞ്ഞു.

സംഭവത്തിൽ വാൾട്ട് സ്ട്രീറ്റ് ജേണൽ ഉൾപ്പടെയുള്ള വിദേശ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിങ്ങിനേയും സുപ്രീംകോടതി വിമർശിച്ചു. എന്നാൽ, വിദേശമാധ്യമങ്ങളുടെ റിപ്പോർട്ട് ഇന്ത്യൻ ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വിമാനദുരന്തം സംബന്ധിച്ച് ഇപ്പോൾ ശരിയായ അന്വേഷണമല്ല നടക്കുന്നതെന്ന് കോടതിയിൽ വാദിച്ചു.

തുടർന്ന് ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹരജിയുമായി മുന്നോട്ട് പോകാമെന്ന് കോടതി ഹരജിക്കാരന്റെ അഭിഭാഷകനോട് പറഞ്ഞു. ഇക്കാര്യത്തിൽ കോടതി കേന്ദ്രസർക്കാറിന്റേയും അഭിപ്രായം തേടിയിട്ടുണ്ട്. കേസ് നവംബർ 10ന് വീണ്ടും കോടതി പരിഗണിക്കും.

ജൂൺ 12 നായിരുന്നു അഹ്മദാബാദ് വിമാന ദുരന്തം. ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിങ് 787 ഡ്രീം ലൈനർ വെറും 32 സെക്കൻഡുകൾക്കകമാണ് തകർന്നുവീണത്. ഇതിൽ 260 പേരാണ് മരിച്ചത്.

Tags:    
News Summary - Air India Crash At Ahmedabad | 'Nobody Can Blame The Pilot'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.