ഷിംല: രാജ്യത്തെ പ്രഥമ അതിവേഗ ബുള്ളറ്റ് ട്രെയിൻ പാതയുടെ (അഹ്മദാബാദ്-മുംബൈ) രൂപകൽപന ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയുടെ രൂപകൽപനയാണ് ഇപ്പോൾ നടക്കുന്നത്. ഇത് 80 ശതമാനം പൂർത്തിയായി. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടിയും തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് കഴിഞ്ഞ വർഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2022ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ അഹ്മദാബാദിൽനിന്ന് മുംബൈയിലേക്ക് ഏഴുമണിക്കൂർ ആണ് യാത്ര സമയം. ബുള്ളറ്റ് ട്രെയിൻ യാഥാർഥ്യമാകുന്നതോടെ യാത്രക്ക് മൂന്ന് മണിക്കൂർ മതിയാകും. 500 കിലോമീറ്ററിലധികം ദൂരമുണ്ട് ഇരുനഗരങ്ങളും തമ്മിൽ. മൊത്തം 12 സ്റ്റേഷനുകളുള്ള പാതയിൽ നാലെണ്ണം മഹാരാഷ്ട്രയിലാണ്. ഇന്ത്യൻ റെയിൽവേയും ജപ്പാനിലെ ഷിങ്കൻസെൻ ടെക്നോളജിയുമായുള്ള സംയുക്ത പദ്ധതിക്ക് ജപ്പാൻ ഉദാരവ്യവസ്ഥയിൽ വായ്പയും നൽകുന്നുണ്ട്.
ഭൂമി വിട്ടുനൽകുന്നവർക്ക് വിപണി വിലയേക്കാൾ കൂടുതൽ പണം നൽകുമെന്ന് ദേശീയ അതിവേഗ റെയിൽ കോർപറേഷൻ (എൻ.എച്ച്.എസ്.ആർ.സി) മാനേജിങ് ഡയറക്ടർ അചൽ ഖരെ പറഞ്ഞു. എൻ.എച്ച്.എസ്.ആർ.സി ഇതിനായി 10,000 കോടി വകയിരുത്തിയിട്ടുണ്ട്. പൂർണമായും ഭൂകമ്പത്തെയും അഗ്നിബാധയെയും അതിജീവിക്കും വിധമാണ് റെയിൽ രൂപകൽപന. അത്യാഹിതങ്ങളുണ്ടായാൽ എട്ടു മുതൽ പത്തുമിനിറ്റിനകം റിലീഫ് വാഹനം സ്ഥലത്തെത്തും. തിരക്കുള്ള സമയത്ത് മൂന്നും തിരക്കില്ലാത്ത സമയത്ത് രണ്ടും ട്രെയിനുകളാണ് പരിഗണിക്കുന്നത്. പ്രതിദിനം ഒരു ദിശയിൽ 35 ട്രിപ്പുകളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.