ന്യൂഡൽഹി: കേരളത്തിലെ ചുറുകിട കർഷകർക്ക് കനത്ത തിരിച്ചടിയായി നാലു ശതമാനം പലിശക്കുള്ള സ്വർണ പണയ കാർഷിക വായ്പ പദ്ധതി എസ്.ബി.ഐ പിൻവലിച്ചു. ഡിസംബർ 17 മുതൽ സ്വർണപ്പണയ കാർഷിക വായ്പ അനുവദിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. എസ്.ബി.ഐ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകൾക്ക് 24ന് ആഭ്യന്തര സർക്കുലർ ലഭിച്ചു. ഇനി കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) ഉള്ളവർക്ക് മാത്രമേ ഈ വായ്പ ലഭിക്കുകയുള്ളൂ. കേരളത്തിലെ ഭൂരിഭാഗം കർഷകരും കെ.സി.സി അക്കൗണ്ടിന് പുറത്തായതിനാൽ ഇവർക്ക് ഈ ആനുകൂല്യം നഷ്ടപ്പെടും.
നാല് ശതമാനം പലിശക്ക് കാർഷിക വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉയർന്നിരുന്നു. സംസ്ഥാന കൃഷി വകുപ്പിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രം ഇത് പിൻവലിക്കുന്നുവെന്ന് ആരോപണം ഉയരുകയും സംസ്ഥാന സർക്കാർ നിലപാട് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അനർഹർക്ക് കാർഷിക വായ്പ പലിശയിളവും കൃത്യമായ തിരിച്ചടവിന് ഇൻസെന്‍റീവും നൽകുന്നുണ്ടെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ പ്രവണത പ്രകടമാണെന്നുമാണ് കേന്ദ്ര കൃഷി വകുപ്പിന്‍റെ ക്രെഡിറ്റ് വിഭാഗം തയാറാക്കിയ ഓഫിസ് മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയത്.
കെ.സി.സി. അക്കൗണ്ട് ഉള്ളവർക്ക് മാത്രം പലിശയിളവും ഇൻസെന്‍റീവും നൽകിയാൽ മതിയെന്ന നിർദേശം നേരത്തെ തന്നെ കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചിരുന്നെങ്കിലും സ്വർണ പണയ വായ്പയുൾപ്പെടെ എല്ലാ തരം കാർഷിക വായ്പകളും കെ.സി.സിയിലേക്ക് മാറ്റാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ബാങ്കുകൾ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.