ഗല്‍വാന്‍ ഏറ്റുമുട്ടലിന് ശേഷം ചൈന പാഠം പഠിച്ചു -സൈനിക മേധാവി ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ചൈന പാഠം പഠിച്ചുവെന്നും സൈനിക വിന്യാസത്തില്‍ മാറ്റം വരുത്തിയെന്നും ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. മികച്ച പരിശീലനവും മുന്നൊരുക്കവും ആവശ്യമാണെന്ന് അന്നത്തോടെ ചൈനീസ് സൈന്യത്തിന് മനസിലായെന്നും ബിപിന്‍ റാവത്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു.

അതിര്‍ത്തിയിലെ ചൈനീസ് സൈനിക വിന്യാസത്തില്‍ മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളില്‍ ഗല്‍വാനിലും മറ്റും നടന്ന ഏറ്റുമുട്ടലുകള്‍ക്ക് ശേഷമാണിത്. നല്ല പരിശീലനവും മുന്നൊരുക്കവും ആവശ്യമാണെന്ന് അവര്‍ക്ക് മനസിലായി -ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

കുറച്ചുകാലത്തേക്ക് മാത്രമായി സൈനിക സേവനത്തിന് വരുന്നവരാണ് ചൈനീസ് സേനയില്‍ അധികവും. ലഡാക്ക് പോലെയുള്ള മേഖലകളില്‍ സൈനികനീക്കം നടത്തിയുള്ള പരിചയം അവര്‍ക്ക് അധികമില്ല.

മേഖലയിലെ ചൈനയുടെ എല്ലാ നീക്കങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. ദുര്‍ഘടമായ ഭൂപ്രകൃതിയില്‍ സേനാനീക്കത്തിന് ഇന്ത്യന്‍ സൈനികര്‍ക്ക് കഴിവുണ്ട്. പര്‍വത മേഖലകളില്‍ അവര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

2020 ജൂണ്‍ 15നാണ് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇരുവിഭാഗം സൈനികരും ഏറ്റുമുട്ടിയത്. 20 ഇന്ത്യന്‍ സൈനികരും അതിലേറെ ചൈനീസ് സൈനികരും അന്ന് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തുണ്ടായ ആള്‍നാശം ചൈന വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - After Galwan, China realised need for better training, changed deployment: CDS Bipin Rawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.