ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടക്കു സമീപമുള്ള ഒരു കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിനുശേഷം കൂട്ടായ സംശയത്തിന്റെ കാർമേഘം കശ്മീരി വിദ്യാർഥികളെ പൊതിയുകയാണ്. കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള 29 വയസ്സുള്ള ഡോക്ടറായ ഉമർ നബിയാണ് ചാവേർ ബോംബർ എന്നാണ് അധികൃതരുടെ അവകാശ വാദം.
ആക്രമണത്തെ ‘വൈറ്റ് കോളർ ടെറർ മൊഡ്യൂൾ’ എന്ന് വിളിക്കപ്പെടുന്ന ഒരു സംഭവവുമായി ബന്ധപ്പെടുത്തി ഇന്ത്യയിലുടനീളം താമസിക്കുന്ന കശ്മീരി വിദ്യാർഥികളെയും പ്രൊഫഷനലുകളെയും ലക്ഷ്യമിട്ട് റെയ്ഡുകൾ, അറസ്റ്റുകൾ, വീടുകൾ തകർക്കൽ എന്നിവയുടെ ഒരു തരംഗം തന്നെ സൃഷ്ടിക്കപ്പെട്ടതായാണ് മാധ്യമ റിപ്പോർട്ടുകൾ.
ഇന്ത്യയിലുടനീളമുള്ള മൊത്തത്തിലുള്ള അന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്ന് കശ്മീർ നിവാസിയും ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിയുമായ ബുർഹാൻ ജെ.ഡി പറയുന്നു. കശ്മീരികളെ കുറിച്ചുള്ള സംശയവും അവരുടെ ഒറ്റപ്പെടലും വർധിക്കുകയാണ്. ഡൽഹിയിലെ ബസിൽ കശ്മീരിയായ സ്ത്രീ അധിക്ഷേപങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ നേരിടുന്നതിന്റെ ഒരു വിഡിയോ ക്ലിപ്പ് അദ്ദേഹം എടുത്തുകാണിച്ചു. ഒരു പുരുഷൻ മുസ്‍ലിംകളെയും കശ്മീരികളെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്താൻ തുടങ്ങി. ഇത് സാധാരണ മുൻവിധികൾക്കപ്പുറം ഒരു നിരപരാധിയായ സ്ത്രീയെ ലക്ഷ്യം വെച്ചുള്ള വ്യക്തമായ വാക്കാലുള്ള പീഡനത്തിലേക്ക് കടന്നുവെന്നും അദ്ദേഹം പറയുന്നു.
ഭീകരവാദ മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന കശ്മീരികളെ ഉപദ്രവിക്കുന്നത് അവരുടെ കുടുംബങ്ങളെ വൈകാരികമായി തകർക്കുകയാണ്. കശ്മീരിൽ നിന്നുള്ള ഡൽഹിയിലെ ഉണക്കമുന്തിരി വ്യാപാരിയായ ബിലാൽ അഹമ്മദ് വാനി തന്റെ മകനെയും സഹോദരനെയും പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്ന് തീകൊളുത്തുകയുണ്ടായി. ഭയന്ന വീട്ടുടമസ്ഥർ കാശ്മീരി വാടകക്കാരോട് സ്ഥലം വിടാൻ പറഞ്ഞതായും അവരെ നാട്ടിലേക്കുപോകാൻ നിർബന്ധിച്ചതായും റിപ്പോർട്ടുകളുണ്ട്.
സ്ഫോടനത്തിനും കശ്മീരിലെ മുൻ അറസ്റ്റുകൾക്കും ഇടയിൽ ബന്ധം കണ്ടെത്തിയെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. അവിടെ കശ്മീരി ഡോക്ടർമാർ വാടകക്കെടുത്ത വീടുകളിൽ നിന്ന് ബോംബ് നിർമാണ സാമഗ്രികൾ പൊലീസ് പിടിച്ചെടുത്തതായും പറയപ്പെടുന്നു. നബിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മറ്റൊരു കശ്മീരിയായ അമീർ റാഷിദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെയ്ഡുകളുടെ ഒരു തീവ്രമായ തരംഗം ഉണ്ടായി. അവിടങ്ങളിൽ പൊലീസ് മെഡിക്കൽ പ്രൊഫഷനലുകളെയും വിദ്യാർഥികളെയും പിടികൂടി. സ്വകാര്യ സ്വത്തുക്കൾ തകർക്കുകയും വാണ്ടഡ് നോട്ടീസുകൾ പുറപ്പെടുവിക്കുകയും ചെയ്തു.
ഇന്ത്യയിൽ കശ്മീരികൾക്കെതിരായ അടിച്ചമർത്തൽ ഒറ്റപ്പെട്ട ദുരന്തമല്ല. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ രൂക്ഷമായ ദീർഘകാല സംഘർഷത്തിന്റെ ഭാഗമാണത്. ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിനെ നേരിട്ടുള്ള ഫെഡറൽ നിയന്ത്രണത്തിലുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. തുടർന്ന് വർഷങ്ങളോളം ആശയവിനിമയ വിച്ഛേദം, കൂട്ട തടങ്കലുകൾ, എതിർപ്പിനെ നിശബ്ദമാക്കാൻ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം പോലുള്ള ക്രൂരമായ നിയമങ്ങളുടെ വർധനവ് തുടങ്ങിയവയൊക്കെ കശ്മീരികൾ നേരിട്ടു.
2019 ഒരു നിർണായക വർഷമായിരുന്നുവെന്ന് ഇന്ത്യ ഭരിക്കുന്ന കശ്മീരിന്റെ ഭരണഘടനാ പദവിയിലെ മാറ്റത്തെ പരാമർശിച്ച് ബുർഹാൻ പറയുന്നു. ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 250ൽ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ 9,000ത്തോളം പേരെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീരിലാണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നത്. അവിടെ 2,633 പേരെ കസ്റ്റഡിയിലെടുത്തു. പക്ഷേ 13 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
ഡ്രൈവർമാർക്ക് തന്റെ പശ്ചാത്തലം അന്വേഷിക്കാൻ കഴിയുന്ന അർധരാത്രി ഓട്ടോ യാത്രകൾ ബുർഹാൻ ഇപ്പോൾ ഒഴിവാക്കുന്നു. ഡൽഹിയിൽ ഉന്നത പഠനം നടത്തുന്ന മറ്റൊരു കശ്മീരി വിദ്യാർഥിയായ അലി സദും ബുർഹാന്റെ വാക്കുകളിലെ അതേ വികാരത്തെ പ്രതിധ്വനിപ്പിക്കുന്നു.
ഡൽഹി സ്ഫോടനം പോലുള്ള സംഭവങ്ങൾ എപ്പോഴും കശ്മീരികളെ ദുർബലമായ അവസ്ഥയിലാക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ആളുകൾ ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ സ്വരത്തിലും നോട്ടത്തിലും ചെറിയ മാറ്റം ഒരാൾക്ക് മനസ്സിലാക്കാൻ കഴിയും. ഇത് സൂക്ഷ്മമാണ്, പക്ഷേ നിങ്ങൾക്ക് ഒരു ബന്ധവുമില്ലാത്ത ഒരു കാര്യത്തിന് നിങ്ങളെ ഉന്നമിടുന്നുവെന്ന് തോന്നിപ്പിക്കാൻ അത് മതിയാകുമെന്നും അദ്ദേഹം പറയുന്നു.
സ്ഫോടനാനന്തര പരിശോധനകൾ ഇന്ത്യൻ ഭരണകൂടത്തിന്റെ വംശീയ പ്രൊഫൈലിങ്ങാണെന്ന് കശ്മീരിൽ നിന്നുള്ള അന്താരാഷ്ട്ര നിയമ പ്രാക്ടീഷണറായ നാസിർ ഖാദ്രി പറയുന്നു. ഒരു കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത എന്ന ഉദ്യോഗസ്ഥന്റെ ആത്മനിഷ്ഠമായ വിശ്വാസത്തിൽ അറസ്റ്റ്, തിരച്ചിൽ, അന്വേഷണം എന്നിവക്കുള്ള വിപുലമായ അധികാരങ്ങൾ നൽകുന്ന യു.എ.പി.എ വ്യവസ്ഥകൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പ്രയോഗിക്കുന്നു.
ബഹുജന പരിശോധനാ ഡ്രൈവുകൾ പ്രയോഗിക്കുമ്പോൾ കശ്മീരി വിദ്യാർഥികളെ ലക്ഷ്യം വെക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഭീകരവിരുദ്ധ അന്വേഷണമല്ല മറിച്ച് യഥാർത്ഥ വംശീയ പ്രൊഫൈലിങ്ങിന് തുല്യമാണിതെന്നും അദ്ദേഹം പറയുന്നു.
ഏകപക്ഷീയമായ തടങ്കലുകൾ, സ്വത്ത് പിടിച്ചെടുക്കൽ, കൂട്ട തൊഴിൽ പിരിച്ചുവിടൽ, മനുഷ്യാവകാശ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കൽ, പാസ്‌പോർട്ട് കണ്ടുകെട്ടൽ എന്നിവയാൽ അടയാളപ്പെടുത്തിയ ഒരു പുതിയ രാഷ്ട്രീയ ഭൂപ്രകൃതിയായാണ് ഇതിനെയെല്ലം ഖാദ്രി പരാമർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.