ജാമ്യം പൂർത്തിയാക്കി ജയിലിലേക്ക് മടങ്ങുന്ന ഉമർ ഖാലിദ് ബന്ധുക്കൾക്കൊപ്പം
ന്യൂഡൽഹി: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ലഭിച്ച 14 ദിവസത്തെ ജാമ്യകാലാവധി പൂർത്തിയാക്കി ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് വീണ്ടും ജയിലിൽ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർഖാലിദിന്, ഡിസംബർ 11നാണ് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം.
ഡിസംബർ 27ന് നടന്ന സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം, തിങ്കളാഴ്ച ഉമർഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. പിതാവ് എസ്.ക്യൂ.ആർ ഇല്ല്യാസിനും മാതാവിനും സഹോദരിക്കുമൊപ്പം എത്തി തിഹാർ ജയിൽ കവാടത്തിലേക്ക് പ്രവേശിക്കുന്ന ചിത്രങ്ങൾ ഉമർഖാലിദിന്റെ പേരിലുള്ള സാമൂഹിക മാധ്യമ പേജിൽ പങ്കുവെച്ചു.
‘14 ദിവസത്തെ സ്വാതന്ത്ര്യത്തിനു ശേഷം വീണ്ടും തിഹാർ ജയിലിലേക്ക്. ഈ അന്ധകാരത്തെ നമ്മൾ ഉടൻ മറികടക്കുമെന്ന പ്രതീക്ഷയും കരുത്തും ഹൃദയങ്ങൾക്ക് പകരട്ടേ. എല്ലാ രാഷ്ട്രീയ തടവുകാർക്കും കരുത്തും ധൈര്യവും നേരുന്നു’ -ഉമർ ഖാലിദിന്റെ പേരിലുള്ള ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ.
2020ൽ അറസ്റ്റിലായ ഉമർ ഖാലിദിന് കഴിഞ്ഞ വർഷവും ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
നിരവധി ഉപാധികളോടെയാണ് ഇത്തവണ ജാമ്യം നൽകിയത്. സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അല്ലാതെ മറ്റാരെയും കാണരുത്, വീട്ടിലോ അല്ലെങ്കില്‍ വിവാഹചടങ്ങ് നടക്കുന്ന സ്ഥലങ്ങളിലോ മാത്രമേ താമസിക്കാവൂ, സാക്ഷികളെ ബന്ധപ്പെടരുത്, ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.