ന്യൂഡൽഹി: സംസ്ഥാന സർക്കാറുകൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഇത് രാജ്യത്തിന്റെ സാമ്പത്തിക വികാസത്തെയും ജോലി സംസ്കാരത്തെയും ബാധിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലെ പവർ ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡ് ജനങ്ങളുടെ സാമ്പത്തികസ്ഥിതി നോക്കാതെ സാർവത്രിക സൗജന്യ വൈദ്യുതിപദ്ധതി നടപ്പാക്കുന്ന കേസ് പരിഗണിച്ചായിരുന്നു വിമർശനം.
പാവങ്ങളുടെ കൈപിടിക്കുന്നത് മനസ്സിലാക്കാമെന്നും സാമ്പത്തികശേഷി നോക്കാതെ സൗജന്യ വൈദ്യുതിയും മറ്റാനുകൂല്യങ്ങളും എല്ലാ ഉപഭോക്താക്കൾക്കും നൽകുന്നത് പ്രീണന നയമാണെന്നും കോടതി കുറ്റപ്പെടുത്തി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും റവന്യൂ കമ്മി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. എന്നിട്ടും തൊഴിൽ സൃഷ്ടിക്കുന്നതിനും വികസന പദ്ധതികൾക്കും ചെലവിടേണ്ട പണം കൊണ്ട് സൈക്കിളുകളും വൈദ്യുതിയും സൗജന്യമായി നൽകുകയാണെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള സൗജന്യ വിതരണങ്ങൾകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക വികസനമാണ് അട്ടിമറിക്കപ്പെടുന്നത്. ക്ഷേമം നടപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, സൗജന്യങ്ങൾ നൽകേണ്ടത് പരിശോധിക്കപ്പെടേണ്ടതുമാണ്.
വൈദ്യുതി താരിഫ് പ്രഖ്യാപിച്ച ശേഷവും ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് തമിഴ്നാട് വൈദ്യുതി കമ്പനിയോട് ചോദിച്ചു. അമിതമായ സൗജന്യങ്ങൾ ജോലി സംസ്കാരത്തെയും ബാധിക്കും. രാവിലെ മുതൽ വൈകീട്ട് വരെ ഭക്ഷണവും സഞ്ചരിക്കാൻ സൈക്കിളും വൈദ്യുതിയും സൗജന്യമായി നൽകിയാൽ പിന്നെ ആര് പണിയെടുക്കുമെന്ന് കോടതി ചോദിച്ചു ജോലിയെടുക്കുന്ന സംസ്കാരത്തിന് എന്ത് സംഭവിക്കും?
സൗജന്യങ്ങൾ നൽകുന്നതിനും ശമ്പളം വിതരണം ചെയ്യുന്നതിനുമപ്പുറം സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.