ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എ.ബി.വി.പി-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ശനിയാഴ്ച രാവിലെയുണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. സർവകലാശാലയിൽ വെള്ളിയാഴ്ച നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്.
യൂനിയൻ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് മനസിലാക്കിയ എ.ബി.വി.പി, വിദ്യാർഥികളെ ആക്രമിച്ച് വിദ്യാർഥി സമൂഹത്തെ പ്രകോപിപ്പിക്കുകയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. തങ്ങളുടെ നിരവധി പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും എസ്.എഫ്.ഐ പറഞ്ഞു.
എസ്.എഫ്.ഐ-എ.എസ്.എ-ഡി.എസ്.യു സഖ്യത്തിന്‍റെ പോസ്റ്ററുകൾ എ.ബി.വി.പിക്കാർ കീറിയതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെ ചോദ്യംചെയ്തതോടെ വിദ്യാർഥികളെ റൂമുകളിൽ പിന്തുടർന്നെത്തി മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആകാശ് എന്ന പ്രവർത്തകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് എസ്.എഫ്.ഐ അറിയിച്ചു.
അതേസമയം, എസ്.എഫ്.ഐക്കാർ എ.ബി.വി.പിക്കാരായ ആദിവാസി കുട്ടികൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് എ.ബി.വി.പി ആരോപിച്ചു. എ.ബി.വി.പിയെ പിന്തുണച്ചതിന് മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് ആക്രമിച്ചുവെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.