ന്യൂഡൽഹി: കാലപഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനത്തിൽ ബി.ജെ.പി ഗവൺമെന്‍റിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. പാർട്ടിയുടെ തുഗ്ലക്ക് പരിഷ്കാരം ജനവിരുദ്ധവും വമ്പൻ കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതുമാണെന്നാണ് വിമർശനം. പുതിയ തീരുമാനത്തിലൂടെ 60 ലക്ഷത്തോളം വാഹനങ്ങളാണ് നിരത്തിൽ നിന്ന് പിൻവലിക്കേണ്ടി വരിക.
നിലവിലെ തീരുമാനമെടുക്കാൻ ഓട്ടോ മൊബൈൽ കമ്പനികളിൽ നിന്ന് എത്ര ലക്ഷം രൂപ തെരഞ്ഞെടുപ്പ് സംഭാവന ലഭിച്ചുവെന്ന് ബി.ജെ.പി വെളിപ്പെടുത്തണമെന്ന് വെല്ലുവിളിച്ച ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി, ഇതാണ് വാഹന നിരോധനത്തിനു പിന്നിലെ യഥാർഥ കാരണമെന്ന് ആരോപിച്ചു.
ബി.ജെ.പിയുടെ തുഗ്ലക്ക് പരിഷ്കാരത്തിലൂടെ 62 ലക്ഷം വാഹനങ്ങളാണ് ഒറ്റ രാത്രി കൊണ്ട് നിരത്തിൽ നിന്ന് അപ്രത്യക്ഷത്തിലാവുക. അതിൽ 40 ലക്ഷം ഇരു ചക്രവാഹനങ്ങളും 20 ലക്ഷം നാലു ചക്ര വാഹനങ്ങളുമാണെന്ന് അതിഷി കൂട്ടിച്ചേർത്തു.
നിലവിലെ നിരോധനം ഇരുചക്ര വാഹനങ്ങളെ വലിയ തോതിൽ ആശ്രയിക്കുന്ന തൊഴിലാളി വർഗത്തെയാവും ഗുരുതരമായി ബാധിക്കുക. ഈ 40 ലക്ഷം ആളുകൾ എങ്ങനെ ജോലിക്കു പോകും? അവരുടെ ദൈനം ദിന ജീവിതം എങ്ങനെയാവും? അതിഷി ചോദിക്കുന്നു.
"വാഹനത്തിന്‍റെ കാലപഴക്കവും മലിനീകരണവും തമ്മിൽ ഒരു ബന്ധവും ഇല്ല. നന്നായി കൈകാര്യം ചെയ്യുന്ന വാഹനങ്ങൾ കാലപ്പഴക്കം ഉള്ളതാണെങ്കിൽക്കൂടി മലിനീകരണം ഉണ്ടാക്കില്ല. പഴയ വാഹനം ആണെന്ന് കരുതി അത് അധികമായി ഉപയോഗിച്ചതാണെന്ന് അർഥമില്ല. ചില കാറുകൾ വെറും 7 വർഷം കൊണ്ട് 3 ലക്ഷം കിലോമീറ്റർ ഓടും. ചലത് 15 വർഷമായാൽ പോലും 50000 കിലോമീറ്റർ മാത്രമേ ഓടിയിട്ടുണ്ടാവുകയുള്ളൂ. ഇതു ക്രൂരമല്ലേ?". അതിഷി ചോദിച്ചു.
ബി.ജെ.പി നേതാക്കൾക്ക് ഒരു ഗവൺമെന്‍റിനെ നയിക്കാൻ കഴിയില്ലെന്ന് കൊച്ചു കുട്ടികൾ പോലും 5 മാസത്തിനുള്ളിൽ മനസ്സിലാക്കുമെന്ന് എ.എ.പി നേതാവ് മനീഷ് സിസോദിയ എക്സ് പോസ്റ്റിൽ എഴുതി. അഞ്ചോ പത്തോ കിലോമീറ്റർ സഞ്ചരിക്കേണ്ടവർക്കു പോലും ഇന്ധനത്തിനായി 15-20 കിലോമീറ്റർ വരെ സഞ്ചരിച്ച് ഇന്ധനം നിറച്ച് നഗരത്തിലെത്തേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.