ലൈംഗിക പീഡന കേസിൽപ്പെട്ട സി.പി.ഐ നേതാവിന്‍റെ പേര് പറയാമെന്ന് ജയറാം രമേശ്; ഒരു ലക്ഷം ഇനാം തരാമെന്ന് സന്തോഷ് കുമാർ

ന്യൂഡൽഹി: ലൈംഗിക പീഡന കേസിൽപ്പെട്ട സി.പി.ഐ നേതാവിന്റെ പേര് പറഞ്ഞാൽ ഒരു ലക്ഷം രൂപ ഇനാം തരാമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശിനെ സി.പി.ഐ രാജ്യസഭാ നേതാവ് സന്തോഷ് കുമാർ വെല്ലുവിളിച്ചു. എൻ.സി.പി എം.പി ഫൗസിയ ഖാൻ അവതരിപ്പിച്ച കുട്ടികൾക്കെതിരായ ലൈംഗിക പീഡനം അവസാനിപ്പിക്കുന്നതിനുള്ള സ്വകാര്യ ബില്ലിന്മേലുള്ള ചർച്ചയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിച്ചപ്പോൾ എഴുന്നേറ്റ ജയറാം രമേശ് താൻ സി.പി.ഐ നേതാവിന്റെ പേര് പറയുമെന്ന് മുന്നറിയിപ്പ് നൽകിയപ്പോഴാണ് സന്തോഷ് കുമാർ റൊക്കം പണമായി ഇനാം പ്രഖ്യാപിച്ച് സഭയിൽ തിരിച്ചടിച്ചത്.

രാഷ്​ട്രീയ നേതാക്കൾ, സ്കൂൾ അധ്യാപകർ, മത നേതാക്കൾ, സമൂഹത്തിൽ ഉന്നതസ്ഥാനത്തുള്ളവർ എന്നിവരുൾപ്പെട്ട നിരവധി കേസുകളുണ്ടെന്നും ലൈംഗിക പീഡന കേസുകളിൽ കുറ്റാരോപിതരായവർക്കും കുറ്റം ചുമത്തപ്പെട്ടവർക്കുമെതിരെ രാഷ്​ട്രീയ പാർട്ടികൾ നിർബന്ധമായും അച്ചടക്ക നടപടി എടുക്കണമെന്നും ആവശ്യ​പ്പെട്ട സന്തോഷ് കുമാർ, കേരളത്തി​ലെ കേസിൽ മെല്ലെപ്പോക്കാണെന്ന് കുറ്റപ്പെടുത്തി. സന്തോഷ് കുമാർ ഇത് പറഞ്ഞപ്പോൾ താൻ സി.പി.ഐ നേതാവിന്റെ പേര് പറയുമെന്ന് വിളിച്ചു പറഞ്ഞ് ജയറാം രമേശ് ഇടപെട്ടു. ജയറാം രമേശിനൊപ്പം ജെബി മേത്തറും എതിർപ്പുമായി എഴുന്നേറ്റു.

ജയറാം രമേശിനെ പോലെ ഒരു മുതിർന്ന നേതാവിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ സന്തോഷ് കുമാർ, എന്തിനാണവർ രോഷം കൊള്ളുന്നതെന്ന് ചോദിച്ചു. തുടർന്നാണ് ലൈംഗിക പീഡന കേസിൽപ്പെട്ട സി.പി.ഐ നേതാവിന്റെ പേര് പറഞ്ഞാൽ ഒരു ലക്ഷം രൂപ ഇനാം തരാമെന്ന് സന്തോഷ് കുമാർ ജയറാം രമേശിനെ ആവർത്തിച്ചു വെല്ലുവിളിച്ചത്.

Tags:    
News Summary - Jayaram Ramesh says he will name the CPI leader involved in sexual harassment case; Santosh Kumar will give a reward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.