ന്യൂഡൽഹി: സാമ്പത്തിക, വ്യാപാര പങ്കാളിത്തത്തിന് പഞ്ചവത്സര പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പരസ്പര ധാരണയിലെത്തി. ഇന്ത്യ പിഴത്തീരുവയുടെയും റഷ്യ ഉപരോധത്തിന്റെയും ഭീഷണികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് എട്ട് പതിറ്റാണ്ട് പിന്നിട്ട ഉഭയകക്ഷി ബന്ധത്തിന് ആവേഗം കൂട്ടാൻ ഇരു നേതാക്കളും തീരുമാനിച്ചത്. 2030 വരെ നീളുന്ന സാമ്പത്തിക കർമപരിപാടിക്ക് അന്തിമരൂപം നൽകിയ ഇരു നേതാക്കളും ആരോഗ്യ, തൊഴിൽ മേഖലകളിൽ ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങൾക്ക് പരസ്പര സഞ്ചാരത്തിന് വഴിയൊരുക്കുന്ന നിരവധി ഉടമ്പടികളിലും ഒപ്പിട്ടു.
ആണവ മേഖലയിലെ സഹകരണം വർധിപ്പിക്കുകയും ഊർജ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നേടുന്നതിന് പരസ്പരം വഴിയൊരുക്കുന്ന കരാറിലൂടെ റഷ്യയിലെ നിർമാണ മേഖല അടക്കമുള്ള തൊഴിലിടങ്ങളിൽ ഇന്ത്യക്കാർക്ക് അവസരം ലഭിക്കും. അതോടൊപ്പം അനധികൃത കുടിയേറ്റത്തിന് തടയിടുകയും ചെയ്യും.
ആരോഗ്യപരിരക്ഷയിലും മെഡിക്കൽ വിദ്യാഭ്യാസത്തിലും വിവരങ്ങളുടെയും വിദഗ്ധരുടെയും കൈമാറ്റം നടക്കും.
ഇരുരാജ്യങ്ങളുടെയും ചരക്കുകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസുകൾ തമ്മിൽ പരസ്പര വിവര കൈമാറ്റം നടത്തും. ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കും. രാസവള, ഔഷധ വ്യവസായങ്ങളിൽ സംയുക്ത ഫാക്ടറികൾ സ്ഥാപിക്കും. പ്രസാർ ഭാരതിയും വിവിധ റഷ്യൻ മാധ്യമങ്ങളും തമ്മിൽ സഹകരണത്തിനുള്ള വിവിധ ധാരണപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തം ഉന്നതിയിലെത്തിക്കുമെന്ന് കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യൂറേഷ്യൻ ഇകണോമിക് യൂനിയനുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള പ്രക്രിയ ത്വരിതപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.