വഖഫ് രജിസ്ട്രേഷൻ സമയം കഴിഞ്ഞു; ഇനി ട്രൈബ്യൂണൽ മാത്രം പോംവഴി

ന്യൂഡൽഹി: സമയപരിധി വെള്ളിയാഴ്ച അവസാനിച്ച് ഉമീദ് പോർട്ടൽ വഴി രാജ്യത്തെ വഖഫ് സ്വത്തുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള വഴിയടഞ്ഞതോടെ ഇതുവരെയും ചെയ്തുതീരാത്ത വഖഫുകളുടെ രജിസ്ട്രേഷന് ഇനി ട്രൈബ്യൂണലുകൾ മാത്രമായി പോംവഴി. അവശേഷിക്കുന്ന രജിസ്ട്രേഷന് ലക്ഷക്കണക്കിന് വഖഫ് സ്വത്തുക്കളുടെ മുതവല്ലിമാർ ഓരോരുത്തരും ട്രൈബ്യൂണലിനെ സമീപിക്കേണ്ടിവരും.

സമയപരിധി നീട്ടാൻ കേന്ദ്ര സർക്കാറിന് കഴിയില്ലെന്നും ഡിസംബർ അഞ്ചിനകം രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത വഖഫ് മുതവല്ലിമാർ സ്വന്തം നിലക്ക് ട്രൈബ്യൂണലിനെ സമീപിച്ച് സമയം നീട്ടിവാ​ങ്ങേണ്ടിവരുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിക്കഴിഞ്ഞു.

അധികൃതർ ഒരുക്കിയ പോർട്ടൽ സംവിധാനത്തിലെ തകരാറുകൾ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിൽ അപേക്ഷകർ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ കണക്കിലെടുത്ത് ഡിസംബർ അഞ്ചിന് അവസാനിക്കുന്ന രജിസ്ട്രേഷൻ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷം പലതവണയായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. സുപ്രീംകോടതിയും കൈയൊഴിഞ്ഞ് ട്രൈബ്യൂണലുകളെ സമീപിക്കാൻ പറഞ്ഞതോടെ കേന്ദ്രവും ആ നിലപാടിലെത്തി.

ഉമീദ് പോർട്ടൽ വഴി രാജ്യത്തെ വഖഫ് സ്വത്തുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ കേന്ദ്ര സർക്കാറിന് കഴിയില്ലെന്നും ഡിസംബർ അഞ്ചിനകം രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത വഖഫ് മുതവല്ലിമാർ സ്വന്തം നിലക്ക് ട്രൈബ്യൂണലിനെ സമീപിച്ച് സമയം നീട്ടിവാ​ങ്ങേണ്ടിവരുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. പോർട്ടലിൽ അപ്ലോഡ് ചെയ്യുമ്പോൾ കാല താമസമുണ്ടായിരുന്നതിലെ സാ​ങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ഇപ്പോൾ എളുപ്പത്തിൽ രജിസ്ട്രേഷൻ സാധ്യമാകുന്നുണ്ടെന്നും വിഷയത്തിൽ ഇടപെണമെന്ന് ആവശ്യപ്പെട്ട് തന്നെ വീണ്ടും വന്ന് കണ്ട മുസ്‍ലിലീഗ് നേതാക്കളോട് കേന്ദ്രമന്ത്രി പറഞ്ഞു.

തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ കൂടിയായ കെ. നവാസ് കനി എം.പിയെയും കൂട്ടിയാണ് മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീറും ഡോ. എംപി അബ്ദുസ്സമദ് സമദാനിയും കേന്ദ്രമന്ത്രിയെ നേരത്തേ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

അധികൃതർ ഒരുക്കിയ പോർട്ടൽ സംവിധാനത്തിലെ തകരാറുകൾ കാരണമായി രാജ്യത്താകെ വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിൽ അപേക്ഷകർ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ കണക്കിലെടുത്ത് ഡിസംബർ അഞ്ചിന് അവസാനിക്കുന്ന രജിസ്ട്രേഷൻ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസങ്ങളും കാരണം നിർദിഷ്ട സമയത്തിനകം രജിസ്ട്രേഷൻ നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയും ധരിപ്പിച്ചു. കേരളത്തിൽ 25 ശതമാനം പോലും രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്ട്രേഷൻ നടത്തുന്നവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനും രജിസ്ട്രേഷൻ നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Waqf registration deadline has passed; Tribunal is the only option now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.