ന്യൂഡൽഹി: തമിഴ്നാട് മധുരയിലെ തിരുപ്പറകുൺറത്ത് കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക്സഭ പ്രക്ഷുബ്ധം. നടപടികൾ സ്തംഭിപ്പിച്ച് ഡി.എം.കെ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കോൺഗ്രസ്, എസ്.പി, എൻ.സി.പി പാർട്ടികൾ ഡി.എം.കെ പ്രതിഷേധത്തെ പിന്തുണച്ചു. ബഹളം കനത്തതോടെ, സ്പീക്കർ 12 മണിവരെ സഭ പിരിച്ചുവിട്ടു.
തുടർന്ന്, ശൂന്യവേളയിൽ വിഷയമുന്നയിക്കാൻ ഡി.ഐ.കെ നേതാവ് ടി.ആർ. ബാലുവിന് അവസരം നൽകിയപ്പോൾ കാര്‍ത്തിക ദീപം തെളിയിക്കാൻ അനുമതി നൽകി വിധി പറഞ്ഞ മദ്രാസ് ഹൈകോടതി ജഡ്ജിക്കെതിരെ നടത്തിയ പരാമർശം ഭരണപക്ഷ പ്രതിഷേധത്തിനിടയാക്കി. സഭാ അധ്യക്ഷൻ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കാൻ നിർദേശം നൽകി.
തമിഴ്നാട്ടിൽ പ്രത്യേക പാർട്ടി വർഗീയകലാപത്തിന് വഴി ഒരുക്കുകയാണെന്ന് ബി.ജെ.പിയെ ഉന്നംെവച്ച് പറഞ്ഞ ടി.ആർ. ബാലു, ദീപം തെളിയിക്കാൻ അനുവദിച്ച ജഡ്ജി താൻ പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറ് പുലർത്തുന്നെന്ന് പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. കുന്നിൻ മുകളിൽ ദീപം തെളിയിക്കേണ്ടത് ഹിന്ദു മത എൻഡോവ്മെന്റ് ബോർഡ് പ്രതിനിധിയാണോ അതോ മദ്രാസ് ഹൈകോടതി ജഡ്ജിയിൽ നിന്ന് വിധി ലഭിച്ച ചില അക്രമികളാണോ എന്നും അദ്ദേഹം ചോദിച്ചു.
പിന്നീട് സംസാരിച്ച തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ. മുരുകൻ സംസ്ഥാന സർക്കാർ ഒരു വിഭാഗത്തിന്റെ ആരാധന അവകാശം നിഷേധിക്കുകയാണെന്ന് പറഞ്ഞതോടെ ഡി.എം.കെ അംഗങ്ങൾ അദ്ദേഹത്തിനടുത്തേക്ക് മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു.
മദ്രാസ് ഹൈകോടതി ഉത്തരവ് പ്രകാരം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ദീപം തെളിയിക്കാൻ പോയ ഭക്തരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതായി മുരുകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.