ഹൈദരാബാദ്: ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള കോ-ലിവിങ് ഹോസ്റ്റലിൽ താമസിച്ചിരുന്ന 23 വയസ്സുകാരി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ മൊല്ലി ദുർഗയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകനും ഓൺലൈൻ ഡെലിവറി ബോയുമായ സായ് കുമാർ പോസ്റ്റിയെ ഗച്ചിബൗളി പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പോലീസ് പറയുന്നതനുസരിച്ച്, ദുർഗയും സായ് കുമാറും തമ്മിൽ കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, സായ് കുമാറിന്റെ മോശം പെരുമാറ്റവും മാനസിക പീഡനവും കാരണം ഇവർക്കിടയിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ജൂൺ 5ന് രാത്രി ഹോസ്റ്റലിലെത്തിയ സായ് കുമാറുമായി ഇയാൾ അമിതമായി മദ്യപിക്കുന്നതിനെ ചൊല്ലി ദുർഗ കടുത്ത തർക്കത്തിലേർപ്പെട്ടു. വഴക്കിന് പിന്നാലെ രാത്രി ദുർഗ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സായ് കുമാറിന്റെ നിരന്തരമായ ശല്യവും മാനസിക പീഡനവുമാണ് ദുർഗയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മാവൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സായ് കുമാറിനെ ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഗച്ചിബൗളി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.