ന്യൂഡൽഹി: മലയാള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് പിന്നാലെ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ യു.പി പൊലീസിന്റെ കൈകളിൽ എന്നെന്നേക്കുമായി കുരുക്കിയിടാൻ യോഗി സർക്കാറിന്റെ അഭിഭാഷക നടത്തിയ വാദങ്ങളെല്ലാം തള്ളിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്. ഏഴു കേസുകളിലും കൂടി കേവലം 20,000 രൂപയുടെ ആൾജാമ്യത്തിലാണ് സുബൈറിന്റെ മോചനം സുപ്രീംകോടതി സാധ്യമാക്കിയത്.
കീഴ്കോടതി നിർദേശിച്ച പോലെ സുബൈർ ഭാവിയിൽ ട്വീറ്റ് ഒന്നും ചെയ്യരുതെന്ന് ഉത്തരവിൽ ഉപാധിയായി ചേർക്കണമെന്ന യു.പി. സർക്കാർ അഭിഭാഷക ഗരിമ പ്രസാദിന്റെ അവസാന അപേക്ഷയും കോടതി തള്ളി. ഒരു പത്രപ്രവർത്തകൻ എഴുതരുതെന്ന് തങ്ങൾക്ക് പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ''സുബൈർ ഇനി ട്വീറ്റ് ചെയ്യില്ലെന്നു പറയാൻ തങ്ങൾക്ക് കഴിയില്ല. ഒരു വക്കീലിനോട് നിങ്ങൾ കേസ് വാദിക്കരുതെന്നു പറയുന്നതുപോലെയാണത്.
ഒരു പത്രപ്രവർത്തകൻ എഴുതരുതെന്ന് തങ്ങൾക്കെങ്ങനെ പറയാൻ കഴിയും? നിയമത്തിനെതിരെ ഏതെങ്കിലും ട്വീറ്റുകളുണ്ടെങ്കിൽ അദ്ദേഹം അതിന് ഉത്തരം പറയേണ്ടിവരും. അല്ലാതെ ഒരാൾ സംസാരിക്കരുതെന്ന് ഒരു മുൻകൂർ ഉത്തരവ് തങ്ങൾക്കെങ്ങനെ പുറപ്പെടുവിക്കാൻ കഴിയും?'' - ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. നിരവധി കേസുകളെടുത്ത് ക്രിമിനൽ നടപടികൾക്ക് വിധേയനാക്കി ഒരു വസ്തുതാ പരിശോധകനെ നിശ്ശബ്ദനാക്കുന്നതിന്റെ വ്യക്തമായ കേസാണിതെന്ന് പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ ബോധിപ്പിച്ചു. ഈ ഡിജിറ്റൽ കാലത്ത് തെറ്റായ വിവരങ്ങൾ തുറന്നുകാണിക്കുന്നത് ചിലരുടെയൊക്കെ വിരോധത്തിനിടയാക്കും. എന്നു കരുതി നിയമം അയാൾക്കെതിരെ ആയുധമാക്കാനാവില്ലെന്നും ഗ്രോവർ വാദിച്ചു. ഫണ്ടിങ്ങിന്റെ കാര്യം യു.പി അഭിഭാഷക ചൂണ്ടിക്കാട്ടിയപ്പോൾ അതും ഡൽഹി പൊലീസ് അന്വേഷിച്ചതാണെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.