തോക്ചോം രാധേശ്യാം സിങ്
ഇംഫാൽ: രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പൂരിൽ സർക്കാർ രൂപവത്കരിക്കാൻ 44 എം.എൽ.എമാർ തയാറാണെന്ന് ബി.ജെ.പി എം.എൽ.എ തോക്ചോം രാധേശ്യാം സിങ്. എം.എൽ.എമാരുമായി സംസാരിച്ചെന്നും എല്ലാവരും ഇതിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമ്പത് എം.എൽ.എമാർക്കൊപ്പം ഗവർണർ അജയ് കുമാർ ബല്ലയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സിങ്.
സർക്കാർ രൂപവത്കരിക്കാനുള്ള സന്നദ്ധത ഗവർണറെ അറിയിച്ചു. ജനങ്ങളുടെ താൽപര്യത്തിന് അനുസരിച്ചുള്ള നടപടികൾക്ക് തുടക്കംകുറിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും രാധേശ്യാം സിങ് പറഞ്ഞു. എന്നാൽ, സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് ബി.ജെ.പി ദേശീയ നേതൃത്വമാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി.
ബീരേൻ സിങ് സർക്കാർ രാജിവെച്ചതിനെ തുടർന്ന് ഫെബ്രുവരി മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്. 2023ൽ തുടങ്ങിയ വംശീയ കലാപം നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടർന്നുള്ള വിമർശനം രൂക്ഷമായപ്പോഴാണ് ബിരേൻ സിങ് രാജിവെച്ചത്. 59 അംഗ നിയമസഭയിൽ ബി.ജെ.പി മുന്നണിക്ക് 44 സീറ്റാണുള്ളത്. കോൺഗ്രസിന് അഞ്ചും. ഒരാൾ സ്വതന്ത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.