ലഖ്നോ: ഉത്തർപ്രദേശിൽ ഇന്നലെ നിയമസഭാ സമ്മേളനം തുടങ്ങിയ ഉടൻ വിവാദമായി ക്ഷത്രിയ എം.എൽ.എമാരുടെ കുടുംബസംഗമവും വാട്സാപ് ഗ്രൂപ്പും. വിവിധ പാർട്ടികളിൽപെട്ട ക്ഷത്രിയ സമുദായത്തിൽ നിന്നുള്ള 40 ഓളം എം.എൽ.എമാരാണ് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഒത്തുകൂടിയത്. ‘കുടുംബ (വംശം) എന്ന പേരിൽ നടന്ന യോഗം രാഷ്ട്രീയ അടിയൊഴുക്കുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.
ക്ഷത്രിയ ജാതിയിൽപ്പെട്ട ഈ എം.എൽ.എമാർക്കായി വാട്സാപ് ഗ്രൂപ്പ് നിലവിലുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വ്യത്യസ്ത പാർട്ടികളിൽ നിന്നുള്ള ക്ഷത്രിയ നിയമസഭാംഗങ്ങളെ ഒരേവേദിയിൽ കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യമത്രെ. കുടുംബസംഗമത്തിൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ള ഏതാനും നേതാക്കൾ പങ്കെടുത്തതായി റിപ്പോർട്ടുണ്ടെങ്കിലും ഭൂരിഭാഗവും ക്ഷത്രിയരായിരുന്നു. പങ്കെടുത്തവർക്ക് ശ്രീരാമന്റെ ചിത്രവും ത്രിശൂലവും ഉൾപ്പെടുന്ന സമ്മാനങ്ങൾ നൽകി.
ബിജെപി, സമാജ്‌വാദി പാർട്ടികളിലെ വിമത എം.എൽ.എമാരായി കണക്കാക്കപ്പെടുന്നവരാണ് ഇതിന്റെ സംഘാടകരും പങ്കെടുത്തവരും. കുന്ദർക്കി എം.എൽ.എ രാംവീർ സിങ്ങും മൊറാദാബാദ് എം.എൽ.എ ജയ്പാൽ സിങ് വ്യാസുമാണ് ആതിഥേയത്വം വഹിച്ചത്. ഗൗരിഗഞ്ച് എം.എൽ.എ രാകേഷ് പ്രതാപ് സിങ്, ഗോസായിഗഞ്ച് എം.എൽ.എ അഭയ് സിങ് തുടങ്ങിയ വിമത എസ്.പി നേതാക്കളും പങ്കെടുത്തു. ക്ഷത്രിയ സമുദായ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ് ഇരുവരും. സമുദായ നേതാക്കളുടെ ഐക്യവും സ്വാധീന ശക്തിയും ഉറപ്പിക്കാൻ ഇത്തരമൊരു ഒത്തുചേരൽ കുറച്ചുകാലമായി ചർച്ചയിലായിരുന്നെന്ന് ഇവരുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നിരവധി എംഎൽഎമാർ, മുൻ എംഎൽഎമാർ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മിക്ക പ്രമുഖ പ്രതിപക്ഷ നേതാക്കളും വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.