നീറ്റ് പുനഃപരീക്ഷക്ക് ദിവസങ്ങൾ മാത്രം ബാക്കി; രാജസ്ഥാനിൽ വീണ്ടുമൊരു മെഡിക്കൽ വിദ്യാർഥി കൂടി ജീവനൊടുക്കി
ജയ്‌പൂർ: രാജ്യവ്യാപകമായി നീറ്റ് പരീക്ഷാ വിവാദങ്ങൾ പുകയുന്നതിനിടെ, രാജസ്ഥാനിലെ പ്രമുഖ കോച്ചിങ് ഹബ്ബായ സീക്കറിൽ വീണ്ടുമൊരു വിദ്യാർഥി ജീവനൊടുക്കി. നീറ്റ്-യുജി പുനഃപരീക്ഷ നടക്കാൻ കഷ്ടിച്ച് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് 22കാരനായ ഉമേഷ് മാലി എന്ന വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാ സമ്മർദത്തെത്തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ജൂൺ 16 ചൊവ്വാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. ജുൻജുനു ജില്ലയിലെ നവൽഗഡ് സ്വദേശിയായ ഉമേഷ് മാലി, സീക്കറിലെ പിപ്രാലി റോഡിലുള്ള ഒരു റെസിഡൻഷ്യൽ കോംപ്ലക്സിലാണ് താമസിച്ച് പഠിച്ചിരുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷക്കായുള്ള ഉമേഷിന്റെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. പരീക്ഷാ തയാറെടുപ്പുകൾക്കായി ഉമേഷിനൊപ്പം അമ്മയും മൂത്ത സഹോദരിയും അനിയനും ഈ ഫ്ലാറ്റിലുണ്ടായിരുന്നു.
സംഭവ ദിവസം ഉമേഷ് തന്റെ അമ്മയെ നാട്ടിലെ വീട്ടിലാക്കാൻ പോയിരുന്നു. അതിനുശേഷം സീക്കറിലെ ഫ്ലാറ്റിലേക്ക് മടങ്ങിയെത്തി. പിന്നീട് ഫ്ലാറ്റിലെത്തിയ സഹോദരിയും അനിയനുമാണ് ഉമേഷിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം ശ്രീ കല്യാൺ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണ്. എൻ.ടി.എ മെയ് 3ന് നടത്തിയ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21ലേക്ക് പുനഃപരീക്ഷ നിശ്ചയിച്ച സാഹചര്യത്തിലാണ് ഈ ദുരന്തം. സീക്കറിൽ കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദീപ് മേഘ്‌വാൾ എന്ന മറ്റൊരു വിദ്യാർഥിയും ഇവിടെ ജീവനൊടുക്കിയിരുന്നു. മെയ് 3ലെ പരീക്ഷ റദ്ദാക്കിയതായും ജൂൺ 21ന് പുനഃപരീക്ഷ നടത്തുമെന്നുമുള്ള സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന അതേ ദിവസമാണ് പ്രദീപ് ജീവനൊടുക്കിയത്. പരീക്ഷാ തിയതികൾ മാറുന്നതും ചോദ്യപേപ്പർ വിവാദങ്ങളും വിദ്യാർഥികളിൽ ഉണ്ടാക്കുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന്റെ നേർക്കാഴ്ചയാണ് ഈ സംഭവങ്ങൾ.
മെഡിക്കൽ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളും പരീക്ഷകൾ വീണ്ടും നടത്തേണ്ടി വരുന്നതും ലക്ഷക്കണക്കിന് വിദ്യാർഥികളെയാണ് കടുത്ത നിരാശയിലേക്കും സമ്മർദത്തിലേക്കും തള്ളിവിടുന്നത്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷാ സമ്പ്രദായങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് ഇത്തരം കടുംകൈകളിലേക്ക് അവരെ നയിക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ സുഹൃത്തുക്കളുടെയോ വിദഗ്ദ്ധരുടെയോ സഹായം തേടുക. സഹായത്തിനായി കൗൺസിലിങ് ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.