ബുർഖ ധരിച്ച് നൃത്തം ചെയ്യുന്ന വിദ്യാർഥിനികൾ
ലഖ്‌നോ: ഉത്തർപ്രദേശിലെ ഗൊണ്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ പെൺകുട്ടികൾ ബുർഖ ധരിച്ച് നൃത്തം ചെയ്തത് വിവാദമായി. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിനെ തുടർന്ന് ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളിൽപെട്ട നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സ്കൂൾ മാനേജർ മാപ്പ് പറഞ്ഞു.
ഖോണ്ഡാരെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഔസാനി ബുസുർഗ് നോളജ് ബീം അക്കാദമിയിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെയാണ് അഞ്ച് പെൺകുട്ടികൾ ബുർഖ ധരിച്ച് വേദിയിൽ നൃത്തം ചെയ്തത്. ‘ചോളിയ കെ ഹൂക്ക് രാജാ ജി’, ‘ഗുലാബ് ജൈസൻ ഖിലാൽ ബാദു’ തുടങ്ങിയ ഭോജ്പുരി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഹരിയാന ഗാനമായ ‘തേരി ആംഖ് കാ യോ കാജൽ’, ബോളിവുഡ് ഗാനമായ ‘ഫെവികോൾ’ എന്നിവക്കും കുട്ടികൾ ചുവടുവെച്ചു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്കൂൾ മാനേജ്‌മെന്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് ഉയർന്നത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്കൂൾ മാനേജർ രാം സുരേഷ് വിഡിയോ സന്ദേശത്തിലൂടെ മാപ്പ് പറയുകയായിരുന്നു.
നൃത്തം ചെയ്ത പെൺകുട്ടികൾ ഹിന്ദുക്കളാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പരിപാടിയുടെ ലക്ഷ്യം വിനോദം മാത്രമായിരുന്നുവെന്നും ആരുടെയും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ നിരുപാധികം മാപ്പ് ചോദിക്കുന്നതായും പറഞ്ഞു. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കില്ലെന്നും വ്യക്തമാക്കി.
എന്നാൽ, സംഭവത്തിൽ ജില്ല ബേസിക് എജുക്കേഷൻ ഓഫിസർ അമിത് കുമാർ സിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്കൂളിൽ ഇത്തരത്തിലുള്ള പരിപാടി നടന്നിട്ടുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂളിന്റെ അംഗീകാരത്തെക്കുറിച്ചും അധികൃതർ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.