ഹിമന്ത ബിശ്വ ശർമ
ഗുവാഹത്തി: നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ ഭാര്യയെ ഉപേക്ഷിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇങ്ങനെയുള്ള ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 20 ശതമാനം തുക പിടിച്ചെടുത്ത് ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗുവഹാത്തിയിലെ ഖാനാപ്പാറയിൽ സംസാരിക്കുകയായിരുന്നു ഹിമന്ത.
നിയമപരമായി വിവാഹമോചനം ചെയ്യാതെ ഉദ്യോഗസ്ഥർ ഒന്നിലധികം വിവാഹം കഴിക്കുകയോ മറ്റ് സ്ത്രീകളോടൊപ്പം കഴിയുകയോ ചെയ്യുന്ന കേസുകൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സമയത്തും ശമ്പളത്തിൽ നിന്നുള്ള ഈ തുക കുറവ് ചെയ്യപ്പെടും. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ, ആദ്യ ഭാര്യക്ക് ജീവനാംശത്തിനായി കാത്തിരിക്കേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാര്യമാർ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കുക.
ഇതിന് പുറമേ, സർവിസ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച ജീവനക്കാർക്കെതിരെ മറ്റ് നിയമനടപടികളും സർക്കാർ സ്വീകരിക്കും. ഏകീകൃത സിവിൽ കോഡിലൂടെ അസം നേരത്തെ തന്നെ ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ട്. ഭാവിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരെയും ഇതേ നിയമപരിധിയിൽ കൊണ്ടുവരുന്നതിനായി പുതിയ നിയമനിർമാണം നടത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
സമാധാനത്തിലും സുസ്ഥിര വികസനത്തിലും അടിസ്ഥാനമാക്കി അസം സ്വന്തമായ വികസന മാതൃക കെട്ടിപ്പടുക്കുകയാണ്. സംസ്ഥാനത്തെ യുവാക്കൾക്ക് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ ഇനി പുറത്തുപോകേണ്ടി വരില്ല. ലോകമെമ്പാടുമുള്ള ആളുകൾ അവസരങ്ങൾ തേടി അസമിലേക്ക് എത്തുന്ന കാലം വിദൂരമല്ല. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല മൂന്നിരട്ടിയോളം വളർന്നിട്ടുണ്ട്. സെമികണ്ടക്ടർ നിർമാണം, ബൈഹാട്ട ചരിയാലി-തേസ്പൂർ നാലുവരി പാത തുടങ്ങിയ പദ്ധതികൾ അസമിന്റെ മുഖച്ഛായ മാറ്റുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ബാലവിവാഹം പൂർണമായും തുടച്ചുനീക്കുന്നതിനുള്ള പോരാട്ടം കൂടുതൽ ശക്തമായി തുടരും. അസം പൊലീസിന്റെ എമർജൻസി 112 സേവനങ്ങൾ കൂടുതൽ ആധുനികീകരിക്കുന്നതിനൊപ്പം എം.എൽ.എ ഫണ്ട് വർദ്ധിപ്പിക്കൽ, ഗുവഹാത്തി വിമാനത്താവളത്തിന് സമീപം പുതിയ സാറ്റലൈറ്റ് സിറ്റി തുടങ്ങിയ പദ്ധതികളും പുരോഗമിക്കുകയാണെന്നും ഹിമന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.