ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ ആസ്ഥാനത്ത് സി.ഐ.ഡി സംഘം പരിശോധനക്ക് എത്തിയപ്പോൾ
റാഞ്ചി: റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ ആസ്ഥാനത്ത് ക്രിമിനൽ അന്വേഷണ വിഭാഗത്തിന്റെ പരിശോധന. ക്രമക്കേടുകൾക്കെതിരെ സംസ്ഥാനത്ത് ഉദ്യോഗാർഥികൾ നടത്തുന്ന പ്രതിഷേധവും നിരാഹാരസമരവും 24 ദിവസം പിന്നിട്ടതിനിടെയാണ് റെയ്ഡ്. സംഭവത്തിൽ ഝാർഖണ്ഡ് പി.എസ്.സി ചെയർമാൻ എൽ. ഖിയാങ്തെ അടക്കം 20 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിരാഹാര സമരം നടത്തുന്ന ആറുപേരുമായി സർക്കാർ തിങ്കളാഴ്ച വീണ്ടും ചർച്ച ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരുടെ കോലം കത്തിച്ചിരുന്നു. സർക്കാറിന് കോൺഗ്രസ് പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ, കോൺഗ്രസും രാഹുൽ ഗാന്ധിയും സമരക്കാർക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. രാജു പറഞ്ഞു.
ന്യൂഡൽഹി: റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് ഝാർഖണ്ഡിൽ സമരം നടത്തുന്നവരെ നേരിൽക്കണ്ട് ചർച്ച നടത്തണമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. റാഞ്ചിയിൽ നടക്കുന്ന പ്രതിഷേധം സമാധാനപരമാണെന്നും ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കി.
സമരക്കാരുമായി ചർച്ചകൾ ആരംഭിച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച രാഹുൽ ഗാന്ധി, അവശേഷിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുള്ള സർക്കാറിന്റെ പ്രതിബദ്ധത ഉറപ്പിക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.