രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി; സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിലാക്കി യുക്തിസഹമായ നിഗമനത്തിലെത്തിക്കണമെന്ന് സുപ്രീംകോടതി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് (എസ്.ഐ.ടി) സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കാനാണ് നിർദേശം.

അന്വേഷണം വേഗത്തിലാക്കി യുക്തിസഹമായ അന്തിമ നിഗമനത്തിലെത്തിക്കണമെന്നാണ് ബെഞ്ചിന്റെ നിർദേശം. അന്വേഷണം കൂടുതൽ ഗുണനിലവാരമുള്ളതും സുതാര്യവുമാക്കാൻ സഹായിക്കുന്നതാണെങ്കിൽ, ഹരജിക്കാർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ വസ്തുനിഷ്ഠമായി പരിഗണിക്കണമെന്നും കോടതി എസ്.ഐ.ടിയോട് ആവശ്യപ്പെട്ടു.

എസ്.ഐ.ടി റിപ്പോർട്ട് പരിശോധിച്ച ശേഷം ക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ നൽകാനും കോടതി ആലോചിക്കുന്നു. സംഭാവനകളുടെ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ഐ.ജി.പി കിരൺ എസ്. അധ്യക്ഷനായ നാല് അംഗ എസ്.ഐ.ടി രൂപീകരിച്ചതായി ജൂലൈ 27ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണത്തിൽ ഫോറൻസിക് ഓഡിറ്ററെയും ഉൾപ്പെടുത്തണമെന്ന് കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തിൽ പരിഹാര നടപടികൾ ആവശ്യമായി വരുമെന്നും സംഭാവനകൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് രണ്ട് ആഴ്ചക്കകം സ്റ്റാറ്റസ് റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു.

സംഭാവനകളുടെ നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് വിവിധ ഹ​​​രജികൾ എത്തിയതോടെയാണ് കോടതിയുടെ ഇടപെടൽ. ജൂലൈ 13ന് ഉത്തർപ്രദേശ് പൊലീസിനോട് അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു. ജൂലൈ 20ന് എസ്.ഐ.ടി രൂപീകരിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. രാമക്ഷേത്ര ട്രസ്റ്റിന്റെ സംഭാവനകളുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം, ഫോറൻസിക് ഓഡിറ്റ്, സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണം തുടങ്ങിയ ആവശ്യങ്ങളും വിവിധ ഹരജികളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Supreme Court Orders Speedy Probe Into Ram Temple Donation theft Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.