ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ‘ഷെഹ്‌സാദ് ഭട്ടി’ ഭീകരവാദ നെറ്റ്‍വർക്ക് തകർത്തെന്ന് കേന്ദ്ര സർക്കാർ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐമായി ബന്ധമുള്ള സംഘത്തിലെ 200ലേറെ പേരെ അറസ്റ്റ് ചെയ്‌തെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. 14 സംസ്ഥാനങ്ങളിൽ നിന്നായി 253 പേരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർ പിടിയിലായത് കേരളത്തിൽ നിന്നെന്നാണ് വിവരം.
കേരളമടക്കം 14 സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ ഏകോപിത നീക്കത്തിലൂടെയാണ് ഈ ഭീകരവാദ നീക്കം തകർത്തത്. ഐ.ഇ.ഡി, ഗ്രനേഡുകൾ, പിസ്റ്റളുകൾ തുടങ്ങി വലിയ തോതിലുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും തമ്മിലുള്ള തത്സമയ വിവര കൈമാറ്റത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഗ്രനേഡ് ആക്രമണം, ഐ.ഇ.ഡി സ്‌ഫോടനം, പെട്രോൾ ബോംബ് ആക്രമണം, കൊലപാതകങ്ങൾ തുടങ്ങിയവയുമായി ഷഹ്‌സാദ് ഭട്ടി ശൃംഖലക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
റെയ്‌ഡിൽ ഐഇഡികൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ, സി.സി.ടി.വി കാമറകൾ എന്നിവയും പിടിച്ചെടുത്തു. പാകിസ്ഥാൻ ഓർഡ്‌നൻസ് ഫാക്‌ടറിയുടെ അടയാളങ്ങളുള്ള ഗ്രനേഡുകൾ ഉൾപ്പെടെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉത്തർപ്രദേശിൽനിന്നും 62 പേരാണ് പിടിയിലായത്. ഹരിയാനയിൽ 52, ഡൽഹിയിൽ 51, പഞ്ചാബിൽ 44, രാജസ്ഥാനിൽ 15, മഹാരാഷ്‌ട്രയിൽ എട്ട്, ഉത്തരാഖണ്ഡിൽ അഞ്ച് എന്നിങ്ങനെയാണ് കസ്റ്റഡിയിലായവരുടെ കണക്ക്. കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിൽനിന്ന് മൂന്ന് പേർ വീതവും തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മുകാശ്‌മീർ, കേരളം എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും പിടിയിലായി.
ശൃംഖലയുമായി ബന്ധപ്പെട്ട് ഇതുവരെ 80ലേറെ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഭീകരവാദത്തിനെതിരെ കേന്ദ്ര സർക്കാർ സ്വകരിക്കുന്ന ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.