നിതിൻ നബിൻ, ദീപക് മസ്കെ
ന്യൂഡൽഹി: ഭാരതീയ ജനതാ പാർടിയുടെ (ബി.ജെ.പി) ദേശീയ ഐ.ടി, സോഷ്യൽ മീഡിയ സെൽ തലപ്പത്ത് വൻ അഴിച്ചുപണി. ദശാബ്ദത്തിലേറെക്കാലം പാർട്ടിയുടെ ഡിജിറ്റൽ മുഖമായിരുന്ന അമിത് മാളവ്യക്ക് പകരമായി ഛത്തീസ്ഗഡിൽ നിന്നുള്ള മുതിർന്ന നേതാവ് ദീപക് മസ്കെയെ പുതിയ ദേശീയ സോഷ്യൽ മീഡിയ കൺവീനറായി നിയമിച്ചു. പാർട്ടി അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പുതിയ ദേശീയ സംഘടനാ ടീമിലാണ് നിർണായക മാറ്റം.
2027ൽ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള നിർണായക സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർടി മീഡിയ സെല്ലിൽ പുനഃസംഘടന നടപ്പിലാക്കിയിരിക്കുന്നത്. ദീപക് മസ്കെക്ക് പുറമെ സോഷ്യൽ മീഡിയ വിഭാഗത്തിൽ പ്രീതി ഗാന്ധി (മഹാരാഷ്ട്ര), ശിവാനന്ദ് ദ്വിവേദി (ഡൽഹി), ആലോക് ഭട്ട് (ഉത്തരാഖണ്ഡ്), അരുൺ യാദവ് (ഹരിയാന) എന്നിങ്ങനെ പുതിയ നാല് കോർഡിനേറ്റർമാരെയും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അനിൽ ബലൂനി മാധ്യമ വിഭാഗം കൺവീനറായി തുടരും.
ഛത്തീസ്ഗഡിലെ റായ്പൂർ സ്വദേശിയായ ദീപക് മസ്കെ, സംഘടനാപരമായ അനുഭവസമ്പത്തും സാങ്കേതിക അറിവും തെരഞ്ഞെടുപ്പ് ഡാറ്റ വിശകലന വൈദഗ്ധ്യവും ഒരുപോലെ ഒത്തിണങ്ങിയ നേതാവാണ്. ഛത്തീസ്ഗഡിലെ ബി.ജെ.പിയുടെ സ്ഥിരം ക്ഷണിതാവ് കൂടിയാണ് അദ്ദേഹം. കെമിസ്ട്രിയിൽ എം.എസ്‍സി ബിരുദവും, സിമന്റ് ടെക്നോളജിയിൽ ഡിപ്ലോമയും, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ സർട്ടിഫിക്കേഷനും നേടി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കെമിസ്ട്രി വിഭാഗത്തിൽ കോളജ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബി.ജെ.പി ഛത്തീസ്ഗഡ് സംസ്ഥാന ഐ.ടി സെൽ ഇൻചാർജ്, സംസ്ഥാന വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ദീപക് 2025 മുതൽ കാബിനറ്റ് സഹമന്ത്രി പദവിയോടെ ഛത്തീസ്ഗഡ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (സി.ജി.എം.എസ്.സി) ചെയർമാനയി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ (ഇ.ഐ.എൽ) ബോർഡിൽ ഇൻഡിപെൻഡന്റ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാളവ്യയെ വെട്ടി ദീപക് മസ്കെ ചുമതലയേൽക്കുമ്പോൾ പുതിയ നേതൃത്വം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് അനുഭവസമ്പത്താണ്. 2014-15 മുതൽ ബി.ജെ.പിയുടെ ഐ.ടി, സോഷ്യൽ മീഡിയ വിഭാഗങ്ങളുടെ തലപ്പത്ത് പ്രവർത്തിച്ച അമിത് മാളവ്യ, പാർടിയുടെ ഡിജിറ്റൽ പ്രചാരണ തന്ത്രങ്ങളെ ദേശീയതലത്തിൽ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നയാളാണ്. എന്നാൽ, ദീപക് മസ്കെയുടെ നേതൃത്വത്തിലുള്ള ടീം തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.