കൊല്ലം: തുടർച്ചയായി ഉയരുന്ന ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പ് ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർച്ചയും സ്ഥിരീകരിക്കപ്പെട്ടതോടെ എൻടിഎയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ പ്രാധാന്യമുള്ള പരീക്ഷകൾ സുതാര്യമായും സുരക്ഷിതമായും നടത്തുന്നതിൽ ഏജൻസി പരാജയപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ എൻടിഎയെ നിലനിർത്തുന്നത് വിദ്യാർഥികളോടുള്ള അനീതിയാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ചതുകൊണ്ടുമാത്രം രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ച പരീക്ഷാ ക്രമക്കേടുകളിൽ നിന്ന് കേന്ദ്രസർക്കാരിനും എൻടിഎയ്ക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെയാണ് ഇത്തരം ചോദ്യപേപ്പർ ചോർച്ചകൾ ഗുരുതരമായി ബാധിക്കുന്നത്.
ചോദ്യപേപ്പർ തയ്യാറാക്കൽ, അച്ചടി, സംഭരണം, കൈമാറ്റം, പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കൽ തുടങ്ങിയവയെല്ലാം അതീവ രഹസ്യസ്വഭാവമുള്ള പ്രവർത്തനങ്ങളാണ്. ഈ നിർണായക സംവിധാനങ്ങളിൽ സ്വകാര്യ സുരക്ഷാ സർവിസുകളെ ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം കൂടുതൽ ആശങ്കകൾക്ക് ഇടയാക്കുന്നതാണ്. പരീക്ഷാ സംവിധാനത്തിലെ രഹസ്യസ്വഭാവവും സുരക്ഷയും ഉറപ്പാക്കേണ്ടിടത്ത് സ്വകാര്യ ഏജൻസികളുടെ ഇടപെടൽ വർധിപ്പിക്കുന്നത് അഴിമതിക്കും ക്രമക്കേടുകൾക്കും വഴിയൊരുക്കുമെന്നും അദ്ദേഹം ആരോപിച്ചു.
എൻടിഎയുടെ പ്രവർത്തനങ്ങളും പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ സംവിധാനങ്ങളും സംബന്ധിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണം. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള മുഴുവൻ ശൃംഖലയെയും കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
പരീക്ഷാ നടത്തിപ്പ് സംവിധാനത്തിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട വിശ്വാസം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ വേണം. നിലവിലെ സംവിധാനത്തെ പുനഃസംഘടിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ എൻടിഎ പിരിച്ചുവിട്ട് സുതാര്യവും സുരക്ഷിതവുമായ പുതിയ ദേശീയ പരീക്ഷാ സംവിധാനത്തിന് രൂപം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം പാലിക്കരുത്. വിഷയത്തിന്റെ ധാർമിക ഉത്തരവാദിത്തം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഏറ്റെടുത്ത് രാജ്യത്തോട് വിശദീകരണം നൽകുകയും വിദ്യാർത്ഥികളോട് മാപ്പ് പറയുകയും വേണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.