വിഭജനമുറിവുണക്കിയ സാംസ്കാരികപൈതൃകം മങ്ങുകയോ?

ഇസ് ലാമാബാദ്: വിഭജനത്തിന്‍െറ ചോരപ്പാടുകള്‍ക്കപ്പുറം സംഗീതവും സിനിമയും ഇക്കാലമത്രയും ഒന്നിപ്പിച്ചുവെങ്കിലും ഇന്ത്യ-പാക് സംഘര്‍ഷം  ആ ബന്ധത്തിന് ഉലച്ചില്‍ തട്ടിക്കുമെന്ന് കലാപ്രേമികള്‍ ഭയക്കുന്നു.  പാക് ഖവാലികളും ഗസലുകളും എക്കാലവും ഇന്ത്യന്‍ ജനത നെഞ്ചേറ്റി. അതേപോലെ നിരവധി ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനിലും റിലീസ് ചെയ്തു കോടികള്‍ വാരി. സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ ഏറ്റവും പുതിയ അനുഭവം.  

പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരകള്‍ ഉപേക്ഷിക്കുന്നതിലേക്ക് വഴിവെച്ചു. സെപ്റ്റംബര്‍ 18ലെ ഉറി ഭീകരാക്രമണം രാജ്യങ്ങള്‍ക്കിടയിലെ സാംസ്കാരിക പൈതൃകംകൂടി നശിപ്പിക്കാന്‍ ഇടവരുത്തുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സിനിമ, സംഗീതം, ടെലിവിഷന്‍ എന്നീ മേഖലകളെയാണ് വിലക്ക്  പ്രധാനമായും ബാധിക്കുക. ആദ്യപടിയായി സീ നെറ്റ്വര്‍ക് മേധാവി സുഭാഷ് ചന്ദ്ര സിന്ദഗി ചാനലില്‍നിന്ന് ജനപ്രിയ പാക് പരമ്പരകള്‍  സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെക്കുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഫവാദ് ഖാനുള്‍പ്പെടെ നിരവധി പാക് നടീനടന്മാരെ ഇന്ത്യക്കാര്‍ക്ക് സുപരിചിതരാക്കിയ ചാനലായിരുന്നു സിന്ദഗി.

വര്‍ഷങ്ങളായി, ഭീകരാക്രമണങ്ങളുടെ ചുവടുപിടിച്ചുള്ള  തീവ്ര ദേശീയത പാക് താരങ്ങളെ പൊതിയുന്നുണ്ടെങ്കിലും അത് ഇത്രത്തോളം രൂക്ഷമായിരുന്നില്ല.  ബി.ജെ.പി സര്‍ക്കാറും സി.എന്‍.എന്‍ ന്യൂസ് 18, ടൈംസ് നൗ പോലുള്ള ടെലിവിഷന്‍ ചാനലുകളും സാമൂഹിക മാധ്യമങ്ങളും ചില നടന്മാരും ഗായകരും അതിന് കുടപിടിച്ചു. വിഭജനത്തിനു ശേഷവും ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ റിലീസ് ചെയ്തിരുന്നു.
1950കളുടെ മധ്യത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍, അതായത് ടാക്സി ഡ്രൈവറിലൂടെ ശ്രദ്ധേയയായ ഷീല റമാനിയും എക് ഥീ ലഡ്കി യിലൂടെ ജനപ്രീതി നേടിയ മീന ഷോറെയും, പാകിസ്താന്‍ സിനിമകളില്‍ നായികമാരായത്തെി. 40കളിലും 60കളിലും നിരവധി സംവിധായകരും നടികളും ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് കുടിയേറി.

പ്രാഗല്ഭ്യം തെളിയിച്ച നിരവധി പേര്‍ സ്വന്തം നാട്ടില്‍ ഉണ്ടായിട്ടുപോലും ചില അവസരങ്ങളില്‍ ഹേമന്ദ് കുമാറിനെയും സന്ധ്യാ മുഖര്‍ജിയെയും പോലുള്ള പാട്ടുകാര്‍ പാകിസ്താനികളുടെ ഹൃദയം കവര്‍ന്നു. തലത് ഹുസൈന്‍, നദീം, സല്‍മ ആഗ, സേബ ഭക്ത്യാര്‍ തുടങ്ങി പാക് താരങ്ങളും ചില ഹിന്ദി സിനിമകളില്‍ മുഖംകാണിച്ചു തുടങ്ങി. ഇവരില്‍ എടുത്തുപറയേണ്ടത് ജാവേദ് ശൈഖ് ആണ്. ശിഖാര്‍, ജാന്‍ ഇ മാന്‍, ഓം ശാന്തി ഓം, അപ്നെ, നമസ്തെ ലണ്ടന്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു.

ഇരു രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത പങ്കാളിത്തത്തോടെയുള്ള സിനിമകള്‍ അപൂര്‍വമായിരുന്നുവെങ്കിലും പാക് സംവിധായിക സബീഹ സുമാറിന്‍െറ ഖാമുശ് പാനിക്ക് തിരക്കഥ എഴുതിയ ഇന്ത്യക്കാരി പരോമിത വോറ  എടുത്തുപറയാവുന്നതാണ്. സിനിമയില്‍ അഭിനയിച്ച കിരണ്‍ ഖേറും ശില്‍പ ശുക്ളയും ഇന്ത്യക്കാരികള്‍. തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മകന്‍െറയും വിധവയായ അമ്മയുടെയും ബന്ധത്തിന്‍െറ കഥ പറയുന്ന സിനിമ  ലൊകാര്‍ണോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റില്‍ പുരസ്കാരം നേടി.
2008ല്‍  നടി നന്ദിതാദാസും അതിര്‍ത്തി കടന്നു പാകിസ്താനിലത്തെി.  മെഹ്റീന്‍ ജബ്ബാറിന്‍െറ രാംചന്ദ് പാകിസ്താനിയില്‍ വേഷമിട്ടു. പാക് ഹിന്ദു യുവതിയുടെ ഭര്‍ത്താവും മകനും അതിര്‍ത്തി കടന്ന് ഇന്ത്യയിലത്തെുന്നതും ജയിലില്‍ കഴിയുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. നസിറുദ്ദീന്‍ ഷായും നിരവധി പാക് സിനിമകളില്‍ വേഷമിട്ടു.

ശുഹൈബ് മന്‍സൂറിന്‍െറ ഖുദ കെ ലിയെ, മീനു ഗൂറിന്‍െറയും ഫര്‍ജദ് നബിയുടെയും  സിന്ദ് ബാഗ് എന്നിവ ഉദാഹരണങ്ങള്‍.  2017ല്‍ റിലീസ് ചെയ്യാനിരിക്കുന്ന ഷാറൂഖ് നായകനായ റഈസിലെ നായിക പാക് നടി മഹീര ഖാന്‍ ആണ്. ഇംറാന്‍ ഹാശ്മിയുടെ രാജ നട്വര്‍ലാലില്‍ നായികയായത്തെിയത് പാക് നടി ഹുമൈമ മാലികാണ്.

സുപ്രസിദ്ധ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ചുപ്കെ ചുപ്കെയും വേലിക്കെട്ടുകള്‍ തകര്‍ത്തൊഴുകി. ബി.ആര്‍. ചോപ്രയുടെ നികാഹoല്‍ ‘ചുപ്കെ ചുപ്കെ’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഗുലാം അലിയുടെ സംഗീതക്കച്ചേരികള്‍ പലപ്പോഴും ശിവസേന തടഞ്ഞു.
വിഖ്യാത ഖവാലി ഗായകന്‍ നുസ്റത് ഫതഹ് അലിഖാനാണ് അതിര്‍ത്തികള്‍ ഭേദിച്ച മറ്റൊരു സംഗീതജ്ഞന്‍. എ.ആര്‍. റഹ്മാന്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ സംഗീത സംവിധായകരുമായി അദ്ദേഹം പാട്ടുകള്‍ ചെയ്തു.

നുസ്റത് ഫതഹ് അലിഖാന്‍െറ അനന്തരവന്‍ റാഹത് ഫതഹ് അലിഖാന്‍, ഷഫ്ഖത് ഖാന്‍, ആതിഫ് അസ്ലം എന്നീ പാക് ഗായകരും ഇന്ത്യക്കാര്‍ക്ക് സുപരിചിതരാണ്. ഹിന്ദി സിനിമയിലെ പ്രമുഖ പിന്നണി ഗായകരില്‍ ഒരാള്‍കൂടിയാണ് റാഹത്.
           

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.