തോക്കുധാരികളെ കണ്ടെന്ന്; മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം

മുംബൈ: ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപം തോക്കുധാരികളായ ചിലരെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടുവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുംബൈയിലെങ്ങും തീരമേഖലയിലുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശം. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള സുശക്തമായ തിരച്ചിലാണ് നടക്കുന്നത്. മഹാരാഷ്ട്ര പൊലീസിനും ഭീകരവിരുദ്ധ സേനക്കും പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി.
വ്യാഴാഴ്ച രാവിലെ പത്തോടെ പത്താന്‍ സ്യൂട്ട് ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന തോക്കുധാരികളായ സംഘത്തെ കണ്ടുവെന്ന് ഉറാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ പൊലീസിനു വിവരം കൈമാറിയതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടത്തൊനായില്ല.

ദിവസങ്ങള്‍ക്കു മുമ്പ് കശ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. മുംബൈ, നവി മുംബൈ, താണെ, റൈഗാര്‍ഡ് തീരമേഖല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ നാവല്‍ബേസ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍, റിഫൈനറീസ്, രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ പോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപത്താണ്.

നവി മുംബൈ പൊലീസ് കമീഷണര്‍ ഹേമന്ത് നാഗര്‍ലെയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. തോക്കുധാരികളെ കണ്ടുവെന്നു പറഞ്ഞ സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഉറാനോടു ചേര്‍ന്നുള്ള തീരമേഖല ഇപ്പോള്‍ മൂന്നു ശ്രേണിയിലുള്ള സുരക്ഷയുടെ കീഴിലാണ്. മുംബൈയിലെ കോസ്റ്റല്‍ ഗാര്‍ഡ്, കേന്ദ്ര കോസ്റ്റല്‍ ഗാര്‍ഡിനൊപ്പം കരയോടു ചേര്‍ന്നു കടലില്‍ തിരച്ചില്‍ നടത്തുമ്പോള്‍ ഇന്ത്യന്‍ നേവിയുടെ നേതൃത്വത്തില്‍ കരയില്‍നിന്നു മാറി ദൂരക്കടലില്‍ പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. എന്‍.എസ്.ജി (ദേശീയ സുരക്ഷാ സേന) കമാന്‍ഡോകളെ മേഖലയില്‍ വിന്യസിച്ചതായി ഒൗദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.