ഇന്ത്യന്‍ സൈന്യത്തിന്‍െറ അതിക്രമങ്ങളെക്കുറിച്ച തെളിവ് യു.എന്നിന് കൈമാറും -ശരീഫ്

യുനൈറ്റഡ് നേഷന്‍സ്: യു.എന്‍ പൊതുസഭയുടെ വാര്‍ഷികസമ്മേളനത്തില്‍ ഇന്ത്യക്കെതിരെ കടന്നാക്രമണം നടത്തി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സ്വതന്ത്രാന്വേഷണം നടത്തണമെന്നും ഇതേക്കുറിച്ച തെളിവ് യു.എന്‍ സെക്രട്ടറി ജനറലിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ യു.എന്‍ വസ്തുതാന്വേഷണ സംഘത്തെ അയക്കണം. യു.എന്‍ പിന്തുണയോടെ കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാകിസ്താന്‍ ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന നീക്കങ്ങളിലൂടെയേ കശ്മീര്‍ തര്‍ക്കത്തിന് പരിഹാരം കാണാനാവൂ. കശ്മീരികള്‍ നടത്തുന്ന സമാധാനപരമായ സ്വാതന്ത്ര്യസമരത്തെ ഇന്ത്യന്‍ സേന പൈശാചികമായി അടിച്ചമര്‍ത്തുകയാണെന്ന് ശരീഫ് ആരോപിച്ചു.

കശ്മീരി ജനതയുടെ ആവശ്യങ്ങളെ പാകിസ്താന്‍ പിന്തുണക്കുന്നു. ജമ്മു-കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഏതു സാഹചര്യത്തിലും ഏതു വേദിയിലും ഇന്ത്യയുമായി ചര്‍ച്ചക്ക് പാകിസ്താന്‍ തയാറാണ്. ഇതിന് എല്ലാ ശ്രമവും പാകിസ്താന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യ ചര്‍ച്ചക്ക് മുന്നുപാധികള്‍ വെക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനാകില്ല.

ഇന്ത്യന്‍ സേന കൊലപ്പെടുത്തിയ ബുര്‍ഹാന്‍ വാനി സമാധാനത്തിനായുള്ള കശ്മീരി രക്തസാക്ഷിത്വത്തിന്‍െറ അടയാളമാണ്. ഇന്ത്യയുടെ കൈയേറ്റത്തിനെതിരെ ജമ്മു-കശ്മീരില്‍ പുതിയ തലമുറ ഉയര്‍ന്നുവരുകയാണ്. തന്‍െറ രാജ്യം ഭീകരവാദത്തിന്‍െറ ഇരയാണ്. പാകിസ്താനെ ദുര്‍ബലമാക്കാനുള്ള വിദേശശക്തികളുടെ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.